കേരളപ്പിറവി ദിനത്തിൽ ചരിത്രം കുറിക്കാൻ സർക്കാർ; കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും

ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും

തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് ചരിത്ര പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. വൈകിട്ട് 3.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുപ്രഖ്യാപനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പ്രഖ്യാപനം നടത്തുന്നതോടെ രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം മാറും.

കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 69 വര്‍ഷം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് നിര്‍ണായക പ്രഖ്യാപനം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.കണക്കുകള്‍ക്കപ്പുറം ഭക്ഷണം, താമസ സൗകര്യം, ചികിത്സ എന്നിവ ലഭിക്കാതെ ഒരാള്‍ പോലും കേരളത്തിലില്ല എന്ന് ഉറപ്പുവരുത്തുന്നതിന് കൂടിയാണ് ഈ പ്രഖ്യാപനം. എല്‍ഡിഎഫ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് പ്രഖ്യാപനം. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകയാണിതെന്നായിരുന്നു കേരളപ്പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

2021 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യമന്ത്രിസഭാ യോഗത്തില്‍ത്തന്നെ എടുത്ത തീരുമാനങ്ങളില്‍ പ്രധാനമായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം. അധികാരത്തിലെത്തി രണ്ട് മാസത്തിനകം തന്നെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. സമഗ്രവും ശാസ്ത്രീയവുമായ രീതിയിലൂടെ സംസ്ഥാനത്ത് 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെ 1032 തദ്ദേശസ്ഥാപനങ്ങളിലായി കണ്ടെത്തി. ഓരോ കുടുംബത്തെയും നേരില്‍ കണ്ട്, അവരുടെ യഥാര്‍ത്ഥ ക്ലേശഘടകങ്ങള്‍ മനസ്സിലാക്കി. ഓരോരുത്തര്‍ക്കും വേണ്ടി പ്രത്യേക മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയാണ് അവരെ അതിദാരിദ്ര്യത്തില്‍ നിന്നും സുരക്ഷിത ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ആയിരം കോടിയിലധികം രൂപയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്.

ഭക്ഷണം ഒരു പ്രതിസന്ധിയായിരുന്ന 20,648 കുടുംബങ്ങള്‍ക്ക് ഇന്ന് മുടങ്ങാതെ ആഹാരം ഉറപ്പാക്കുന്നതായി മുഖ്യമന്ത്രി മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 18,438 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ റേഷന്‍ കടകള്‍ വഴിയും സ്വയം പാചകം ചെയ്യാന്‍ കഴിയാത്ത 2210 കുടുംബങ്ങള്‍ക്ക് പാചകം ചെയ്ത ആഹാരം കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലൂടെയും കമ്മ്യൂണിറ്റി പാചക കേന്ദ്രങ്ങളിലൂടെയും ഉറപ്പാക്കുന്നുണ്ടെന്നും വിശപ്പ് മൂലം ഒരു കുടുംബവും നമ്മുടെ നാട്ടില്‍ കഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി ആ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുകള്‍ നേരിട്ട 29,427 കുടുംബങ്ങളില്‍ നിന്നുള്ള 85,721 വ്യക്തികള്‍ക്ക് ചികിത്സയും മരുന്നും നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. 14,862 ഏകാംഗ കുടുംബങ്ങള്‍ക്ക് ആരോഗ്യ സഹായം. 35,955 വ്യക്തികള്‍ ഇടതടവില്ലാതെ മരുന്നുകള്‍ ഉറപ്പാക്കി. 5777 പേര്‍ക്ക് പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ നല്‍കുന്നു. 'അവകാശം അതിവേഗം' എന്ന യജ്ഞത്തിലൂടെ റേഷന്‍ കാര്‍ഡ്, ആധാര്‍, പെന്‍ഷന്‍ തുടങ്ങിയ അടിസ്ഥാനരേഖകള്‍ 21,263 പേര്‍ക്ക് ലഭ്യമാക്കി. 5400-ലധികം പുതിയ വീടുകള്‍ പൂര്‍ത്തിയാക്കുകയോ നിര്‍മ്മിക്കുകയോ ചെയ്തു. 5522 വീടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. 'ഉജ്ജീവനം' പോലുള്ള പദ്ധതികളിലൂടെ 4394 കുടുംബങ്ങള്‍ക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള സഹായം നല്‍കി. പുതിയ വീട് ആവശ്യമായിരുന്ന 4677 ഗുണഭോക്താക്കളില്‍ 4005 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 672 വീടുകള്‍ വിവിധ നിര്‍മ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്. 428 ഏകാംഗ കുടുംബങ്ങളെ സുരക്ഷിതമായി ഷെല്‍ട്ടര്‍ ഹോമുകളില്‍ മാറ്റി പാര്‍പ്പിച്ചു. ഭൂമിയും വീടും ആവശ്യമായിരുന്ന 2713 ഗുണഭോക്താക്കള്‍ക്ക് ആദ്യം ഭൂമി നല്‍കി, പിന്നീട് വീട് നിര്‍മ്മാണത്തിനായി സാമ്പത്തിക സഹായം നല്‍കി, 1417 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 1296 വീടുകള്‍ വിവിധ നിര്‍മ്മാണ ഘട്ടങ്ങളില്‍ പുരോഗതിയിലാണ്. അതിദരിദ്ര നിര്‍മ്മാര്‍ജന പദ്ധതിയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭൂരഹിതര്‍ക്ക് ഭൂമി കണ്ടെത്തുന്നതായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. റവന്യൂ വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് ആകെ 439 കുടുംബങ്ങള്‍ക്കായി മൊത്തം 2832.645 സെന്റ് ഭൂമി കണ്ടെത്തിയെന്നും കൂടാതെ 'മനസോടിത്തിരി മണ്ണ്' യജ്ഞത്തിന്റെ ഭാഗമായി 203 സെന്റ് ഭൂമി കണ്ടെത്തിയതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights- Kerala to become first extreme poverty free state

To advertise here,contact us