എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്

അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. എഴുത്തുകാരന്‍ കെ ജി ശങ്കരപ്പിള്ളയാണ് പുരസ്‌കാരത്തിന് അര്‍ഹനായത്. കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍ എസ് മാധവന്‍ ചെയര്‍മാനായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെയാണ് ശങ്കരപ്പിള്ള ശ്രദ്ധേയനായത്. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്നു. 'കെ ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ' എന്ന പുസ്തകത്തിന് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

1947-ൽ കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ജനനം. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻ്റ് എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്എൻ കോളേജിൽ പഠനം. 1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പലായി വിരമിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ ആയിരുന്നു.

Content Highlights: Ezhuthachan Award goes to KG Sankarapillai

To advertise here,contact us