കണ്ണൂര്: സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' നവംബര് മൂന്നിന് പ്രകാശനം ചെയ്യും. കണ്ണൂര് ടൗണ്സ്ക്വയറില് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില് മുഖ്യമന്ത്രി പിണറായി വിജയന് കഥാകൃത്ത് ടി പത്മനാഭന് പുസ്തകം കൈമാറി പ്രകാശനകര്മം നിര്വഹിക്കും. ചടങ്ങിന് വേണ്ട ഒരുക്കങ്ങളെല്ലാം പൂര്ത്തിയായതായി പരിപ്പാടിയുടെ സംഘാടകസമിതി ഭാരവാഹികള് അറിയിച്ചു.
ചടങ്ങില് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, കെപിസിസി രാഷ്ട്രിയകാര്യസമിതി അംഗം രാജ്മോഹന് ഉണ്ണിത്താന് എംപി, മുസ്ലിം ലീഗ് ദേശീയ ജനറല് സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംഎല്എ, ഗോവ മുന് ഗവര്ണര് പിഎസ് ശ്രീധരന് പിള്ള, സിപിഐ നേതാവ് പന്ന്യന് രവീന്ദ്രന് തുടങ്ങിയവര് സംസാരിക്കും. സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി കെകെ രാഗേഷ് ചടങ്ങില് അധ്യക്ഷത വഹിക്കും.
ഇപിയുടെ ആറുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് 'ഇതാണെന്റെ ജീവിതം'ന്റെ ഇതിവൃത്തം. വിദ്യാര്ഥി സംഘടനയായ കെഎസ്എഫിലൂടെ അരങ്ങേറ്റം കുറിച്ച് ഡിവൈഎഫ്ഐയുടെ ആദ്യത്തെ അഖിലേന്ത്യ പ്രസിഡന്റും സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും മന്ത്രി സ്ഥാനത്തേക്കും എല്ലാം വളര്ന്ന സംഘര്ഷങ്ങള് നിറഞ്ഞ രാഷ്ട്രീയ കാലഘട്ടത്തെയാണ് ഈ കൃതിയിലൂടെ ഇപി തുറന്നുകാട്ടുന്നത്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്.
മുമ്പ് 'കട്ടന്ചായയും പരിപ്പുവടയും' എന്ന പേരില് ഇപിയുടെ ആത്മകഥാ പുറത്തിറങ്ങിയതായി ഡിസി ബുക്സ് പ്രഖ്യപിച്ചിരുന്നു. എന്നാല് പുസ്തകത്തിന്റെ സോഫ്റ്റ് കോപ്പി ചോര്ന്നതും വലിയ വിവാദത്തിലേക്ക് വഴിവച്ചിരുന്നു. ഇപി പാര്ട്ടിക്കെതിരെ വിമര്ശനം ഉന്നയിക്കുന്നു എന്നായിരുന്നു റിപ്പോര്ട്ട് വന്നത്. എന്നാല് 'കട്ടന്ചായയും പരിപ്പുവടയും' തന്റെ ആത്മകഥയല്ലെന്നും ഈ പേര് ഉപയോഗിക്കില്ലെന്നും തന്നെ പരിഹസിക്കാന് മനപൂര്വ്വം ഡിസി ബുക്സ് അങ്ങനെ നല്കിയതാണെനന്നും ആയിരുന്നു ഇപി ജയരാജന് പ്രതികരിച്ചിരുന്നത്.
Content Highlights: CPM central committee member EP Jayaraj's autobiography 'ithannente jeevitham' will be released on November 3