തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള കണ്ടെത്തലിന് പിന്നിലെ മാനദണ്ഡമെന്തെന്ന് സര്ക്കാര് വ്യക്തമാക്കണമെന്ന് വിഡി സതീശന് പറഞ്ഞു. ഇത്തരത്തിലുള്ള ആളുകള് കേരളത്തിലുണ്ട്. പ്രഖ്യാപനം തട്ടിപ്പാണെന്നും സര്ക്കാരിന്റേത് കള്ളക്കണക്കാണെന്നും സതീശൻ ആരോപിച്ചു.
ഇരുട്ടുകൊണ്ട് ഓട്ടയടക്കുകയാണ്. എന്താണ് മാനദണ്ഡമെന്ന് ആര്ക്കും അറിയില്ല. ചെപ്പടിവിദ്യ കാണിക്കുകയാണ് സര്ക്കാര്. നാലരലക്ഷം പരമ ദരിദ്രര് ഉണ്ടെന്ന് മാനിഫെസ്റ്റോയില് എല്ഡിഎഫ് പറഞ്ഞു. 62,000 പേര് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഇപ്പോള് പറയുന്നു. അതെങ്ങനെ സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.
5,95,000 പേര് അതിദരിദ്രരായുണ്ട്. ജി ആര് അനില് അക്കാര്യം പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണമാണ് ലക്ഷ്യം. 2011-ലെ സെന്സസ് പ്രകാരം 4.58 ലക്ഷം എസ്ടിക്കാരുണ്ട്. 1.16 ലക്ഷം ആദിവാസി കുടുംബമുണ്ട്. അവരെല്ലാം അതിദരിദ്ര കാറ്റഗറിയില് വരില്ലേ?. പ്രഖ്യാപനത്തില് നിന്ന് സര്ക്കാര് പിന്മാറണമെന്നും സതീശന് ആവശ്യപ്പെട്ടു.
അതിദാരിദ്ര്യമുക്ത കേരള പ്രഖ്യാപനം സംബന്ധിച്ച് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചിരുന്നു. നേട്ടത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്നും ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ സ്ഥാപനങ്ങൾക്ക് അഭിമാന നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
ക്രെഡിറ്റ് മോദി സർക്കാരിനാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാദത്തെ മന്ത്രി പരിഹസിച്ചു. ക്രെഡിറ്റ് അവകാശപ്പെടുന്നവർ രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലും ഈ നേട്ടം കൈവരിക്കാൻ ശ്രമിക്കണം. നേട്ടം മോദി സർക്കാരിനാണ് എന്ന് പറയുന്നവരുണ്ട്. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂവെന്ന് പറഞ്ഞ മന്ത്രി രാജ്യത്തെ മുഴുവൻ അതിദാരിദ്ര്യമുക്തമാക്കി ചെയ്ത് കാണിക്കണമെന്നും ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനമായ നാളെയാണ് കേരളം അതിദാരിദ്ര്യമുക്തമാണെന്നുള്ള പ്രഖ്യാപനം.
Content Highlights: vd satheesan against extreme poverty eradication programme kerala