തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും കത്തയച്ച് എബിവിപി. കേരളാ സര്ക്കാരിന്റെ മെല്ലെപ്പോക്ക് നയം അനുവദിക്കരുതെന്നും കേരളത്തിലെ രാഷ്ട്രീയ ഇടപെടലുകള് വിദ്യാലയങ്ങളുടെ വികസനം ഇല്ലാതാക്കുമെന്നും എബിവിപി പ്രധാനമന്ത്രിക്ക് അയച്ച കത്തില് പറയുന്നു. വിദ്യാലയങ്ങളുടെ വികസനം ലക്ഷ്യമാക്കുന്ന നിലപാട് സ്വീകരിക്കണമെന്നും എബിവിപി കത്തില് ആവശ്യപ്പെട്ടു.
അതേസമയം, പിഎം ശ്രീ പദ്ധതിയില് ധാരണാപത്രം മരവിപ്പിക്കാന് കേരളം കേന്ദ്രസര്ക്കാരിന് അയയ്ക്കുന്ന കത്തിന്റെ വിശദാംശങ്ങള് പുറത്തുവന്നിരുന്നു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര് മരവിപ്പിക്കുന്നതെന്നാണ് കത്തില് പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോര്ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേരളം കേന്ദ്രത്തിന് അയയ്ക്കുന്ന കത്തില് പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില് അഭ്യര്ത്ഥിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി കെ ജയതിലക് കേന്ദ്ര വിദ്യഭ്യാസ വകുപ്പിന് അയക്കാനിരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് അയക്കുന്നത്. മന്ത്രിസഭ പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് ഏഴംഗ സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
പിഎം ശ്രീയില് കേന്ദ്രം നല്കാമെന്ന് സമ്മതിച്ച എസ്എസ്കെ ഫണ്ട് മുടങ്ങുകയും ചെയ്തു. ആദ്യ ഗഡുവായി നല്കാമെന്ന് പറഞ്ഞ പണമാണ് മുടങ്ങിയത്. ആദ്യ ഗഡുവായി 320 കോടി രൂപ കഴിഞ്ഞ ബുധനാഴ്ച നല്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ അറിയിപ്പ്. പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതിന് പിന്നാലെ ഫണ്ട് തടഞ്ഞെന്നാണ് സൂചന.
ഇക്കഴിഞ്ഞ ഒക്ടോബര് പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്ഹിയില് എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐയെ അറിയിക്കാതെയായിരുന്നു നീക്കങ്ങള്. ഇതിന് തൊട്ടുമുന്പ് ചേര്ന്ന മന്ത്രിസഭാ യോഗത്തില് മുഖ്യമന്ത്രിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ധാരണാപത്രത്തില് ഒപ്പിട്ട വിവരം വാര്ത്തയായതോടെ സിപിഐ ഇടഞ്ഞു.
വിഷയം ചര്ച്ച ചെയ്യാന് കഴിഞ്ഞ ദിവസം സിപിഐ എക്സിക്യൂട്ടീവ് ചേര്ന്നിരുന്നു. അതില് മന്ത്രിസഭാ യോഗത്തില് നിന്ന് വിട്ടുനില്ക്കാനുള്ള കടുത്ത തീരുമാനമായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതിന് ശേഷം എൽഡിഎഫ് യോഗം ചേർന്നിരുന്നു. ഇതിൽ പദ്ധതി താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചു. വിവരം സിപിഐയെ അറിയിച്ചതോടെ അവർ അയഞ്ഞു. പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുത്തു. മന്ത്രിസഭാ യോഗത്തിൽ പിഎംശ്രീ ചർച്ച ചെയ്യുതയും വിഷയം പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
Content Highlights: should move forward with PM Shri: ABVP letter to PM modi and Education Department