കൊല്ലം: ആഭിചാരക്രിയക്ക് കൂട്ടുനില്ക്കാത്തതിനെ തുടര്ന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീന്കറി ഒഴിച്ച് പൊള്ളിച്ച സംഭവത്തില് ഏരൂര് സ്വദേശിയായ ഉസ്താദിന്റെ മൊഴിയെടുക്കാന് പൊലീസ്. ഉസ്താദിനെ ആവശ്യമെങ്കില് പ്രതി പട്ടികയില് ഉള്പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
മീന്കറി വീണതിനെ തുടര്ന്ന് ഗുരുതരമായി പൊള്ളലേറ്റ റജില ആശുപത്രിയില് ചികിത്സയില് തുടരുകയാണ്. സംഭവത്തിന് ശേഷം ഭര്ത്താവ് സജീര് ഒളിവിലാണ്. സജീറിനായി അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. കുട്ടിയെ മര്ദിച്ചതിനും സജീറിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. റജിലയുടെ വിശദമായ മൊഴിയെടുക്കാനാണ് പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ആഭിചാരക്രിയക്ക് കൂട്ടുനിന്നില്ലെന്ന് പറഞ്ഞായിരുന്നു ഭാര്യയ്ക്ക് നേരെ ഭര്ത്താവിന്റെ പീഡനം. ഏരൂര് സ്വദേശിയായ ഉസ്താദ് ജപിച്ച് നല്കിയ ചരട് കുടോത്രമാണെന്ന് പറഞ്ഞതിനെ തുടര്ന്നാണ് ഭര്ത്താവ് ക്രൂരപീഡനം നടത്തിയത്. ഇതിന് പിന്നാലെ റജിലയുടെ കുടുംബം പൊലീസില് പരാതി നല്കുകയായിരുന്നു.
ഉസ്താദിന്റെ നിര്ദേശപ്രകാരം ഭര്ത്താവ് തന്നോട് മുടി അഴിച്ച് സ്റ്റൂളില് ഇരിക്കാന് ആവശ്യപ്പെട്ടെന്നും ഇരിക്കാത്തതിനാലാണ് തന്നെ അക്രമിച്ചതെന്നും റജില റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. ഭര്ത്താവ് ഉസ്താദിനെ ഫോണില് വിളിച്ച് തന്നപ്പോള് തനിക്ക് ഇതൊന്നും ചെയ്യാന് കഴിയില്ലെന്ന് ഉസ്താദിനോട് പറഞ്ഞിരുന്നുവെന്നും റജില വ്യക്തമാക്കിയിരുന്നു. ഭര്ത്താവ് നേരത്തെയും ക്രൂരമായി ഉപദ്രവിച്ചിരുന്നു. പൊലീസില് കേസ് കൊടുത്തതിന് ശേഷം കുറച്ചുനാളത്തേയ്ക്ക് ഉപദ്രവം നിര്ത്തി. എന്നാല് വീണ്ടും ഉപദ്രവം തുടരുകയായിരുന്നുവെന്നും റജില വ്യക്തമാക്കി.
നേരത്തെയും ഉസ്താദിന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും റജുല പറഞ്ഞു. സ്ഥലം വില്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള് സംസാരിക്കാന് എന്നു പറഞ്ഞാണ് കൊണ്ടുപോയത്. ആദ്യമൊക്കെ ഉപദ്രവിച്ചപ്പോള് പ്രതികരിച്ചിരുന്നില്ല. പ്രതികരിക്കാന് തുടങ്ങിയപ്പോളാണ് ക്രൂരപീഡനം നടത്തിയത്. ചിക്കന്പോക്സ് വന്നപ്പോള് ശരീരത്തില് പാടുകള് വന്നുവെന്നും അതിനെ ചൊല്ലി പരിഹസിച്ച് സംസാരിച്ചിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു.
Content Highlights- Police will takes statement of usthad over case on husband pours fish curry on wife face