തിരുവനന്തപുരം: ഒളിമ്പിക് മെഡല് നേടിയ ആദ്യ മലയാളി മാനുവല് ഫ്രെഡറികി(78)ന്റെ നിര്യാണത്തില് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. രണ്ട് ലോകകപ്പ് ഹോക്കി ടൂര്ണമെന്റുകള് ഉള്പ്പെടെ നിരവധി മത്സരങ്ങളില് ഇന്ത്യയുടെ ഗോളിയായിരുന്നു അദ്ദേഹം.
ഹെല്മറ്റ് ഇല്ലാത്ത 1971 -78 കാലത്ത് ലോകത്തെ മികച്ച ഗോള്കീപ്പര്മാരില് ഒരാളായിരുന്ന മാനുവല് ഫ്രെഡറിക് പെനാല്റ്റി സ്ട്രോക്കുകള് തടുക്കുന്നതില് മിടുക്കനായിരുന്നുവെന്ന് അദ്ദേഹം അനുശോചനക്കുറിപ്പില് പറഞ്ഞു.
കേരളത്തില് ഹോക്കിക്ക് വലിയ പ്രാധാന്യമില്ലാത്ത സമയത്താണ് അദ്ദേഹം ആദ്യമായി ഒളിമ്പിക് വെങ്കല മെഡല് സംസ്ഥാനത്തിന് നേടിത്തന്നത്. മാനുവല് ഫ്രെഡറികിന്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും ദുഃഖത്തില് പങ്കുചേരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവിൽ ചികിത്സയിൽ കഴിയവെയായിരുന്നു മാനുവലിന്റെ അന്ത്യം. കണ്ണൂർ സ്വദേശിയാണ് മാനുവൽ.1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു മാനുവൽ ഫ്രെഡറിക്.
ഏഴ് വർഷക്കാലം ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു. 2019ലെ ധ്യാൻ ചന്ദ് അവാർഡ് ജേതാവ് കൂടിയാണ് മാനുവൽ. ആദ്യമായി ഒരു മലയാളി ഒളിമ്പിക് മെഡൽ വിജയിക്കുന്നതും മാനുവലിലൂടെയായിരുന്നു. 'ഇന്ത്യൻ ടൈഗർ' എന്നാണ് ഹോക്കി ലോകം മാനുവലിനെ വിശേഷിപ്പിച്ചിരുന്നത്. ഹെൽമറ്റ് ഉപയോഗിക്കാതെ നെറ്റികൊണ്ട് പോലും ബോളുകൾ തടുത്തിട്ടതാണ് മാനുവലിനെ ഈ പേരിന് അർഹനാക്കിയത്.
ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ താരമായിരുന്ന ധ്യാൻ ചന്ദ് പോലും മാനുവലിന്റെ മികവ് കണ്ട് വിസ്മയിച്ചിരുന്നു. ആറ് ജയവുമായാണ് 1972 ലെ മ്യുണിക് ഒളിമ്പിക്സിൽ ഇന്ത്യൻ ടീം സെമിയിൽ എത്തുന്നത്. എട്ടു ഗോൾ മാത്രമാണ് മാനുവൽ അന്ന് വഴങ്ങിയിരുന്നത്. അർപ്പണ മനോഭാവവും ആത്മധൈര്യവും ചേർന്നതായിരുന്നു മാനുവലിന്റെ ഗോൾകീപ്പിങ് ശൈലി.
Content Highlights: Pinarayi Vijayan condoles the death of Manuel Frederick