പിഎം ശ്രീയിൽ പരിഭവം തീർത്ത് മന്ത്രിമാർ; വി ശിവൻകുട്ടിയെ വീട്ടിൽ എത്തി കണ്ട് ജി ആർ അനിൽ

സിപിഐ നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ പരസ്പരം പരിഭവം തീര്‍ത്ത് മന്ത്രിമാര്‍. വി ശിവന്‍കുട്ടിയെ മന്ത്രി ജി ആര്‍ അനില്‍ വീട്ടില്‍ എത്തി കണ്ടു. ഇന്ന് രാവിലെയായിരുന്നു റോസ് ഹൗസില്‍ ഇരുവരും കൂടിക്കാഴ്ച നടന്നത്. മന്ത്രി ജി ആര്‍ അനിലിന്റെ പ്രസ്താവനയില്‍ ശിവന്‍കുട്ടി തന്റെ അതൃപ്തി തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും കൂടിക്കാഴ്ച

സിപിഐ നേതൃത്വത്തിന്റെ തീരുമാനത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പിഎം ശ്രീ വിഷയത്തില്‍ തങ്ങളെ കൂടി സിപിഐഎം പരിഗണിച്ചതോടെ മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സിപിഐ മുന്‍കൈ എടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രകാശ് ബാബു സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ ഫോണിൽ വിളിച്ച് ക്ഷമ പറഞ്ഞിരുന്നു.

അതേസമയം പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാന്‍ കേരളം അയയ്ക്കുന്ന കത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേരളം കേന്ദ്രത്തിന് അയയ്ക്കുന്ന കത്തില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ചീഫ് സെക്രട്ടറി കെ ജയതിലക് കേന്ദ്ര വിദ്യഭ്യാസ വകുപ്പിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് അയയ്ക്കുന്നത്. മന്ത്രിസഭ പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് ഏഴംഗ സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ സബ് കമ്മിറ്റി പിഎം ശ്രീ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ആ പഠനത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ കേരളം പിഎം ശ്രീ കരാറുമായി മുന്നോട്ടുപോകുന്നില്ല, തല്‍ക്കാലം മരവിപ്പിക്കാനുളള തീരുമാനമാണ് മന്ത്രിസഭ എടുത്തത്. ഈ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ എത്ര സമയത്തേക്കാണ് കരാര്‍ മരവിപ്പിക്കുന്നത് എന്ന് കത്തില്‍ പറയുന്നില്ല. ധാരണാപത്രം തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നതും. സബ് കമ്മിറ്റിയിലുളള സിപിഐയുടെ മന്ത്രിമാരായ കെ രാജനെയും പി പ്രസാദിനെയും കത്തിന്റെ ഉളളടക്കം ധരിപ്പിച്ചിട്ടുണ്ട്. അവര്‍ കൂടി സംതൃപ്തരായതിനുശേഷമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് അയയ്ക്കുക.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐയെ അറിയിക്കാതെയായിരുന്നു നീക്കങ്ങള്‍. ഇതിന് തൊട്ടുമുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ധാരണാപത്രത്തില്‍ ഒപ്പിട്ട വിവരം വാര്‍ത്തയായതോടെ സിപിഐ ഇടഞ്ഞു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. പല ഘട്ടങ്ങളിലും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ബിനോയ് വിശ്വം ഉന്നംവെച്ചു. ഒടുവില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും വിഷയത്തില്‍ ഇടപെട്ടു. സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ഡി രാജ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. പിഎം ശ്രീയില്‍ ഒപ്പിട്ട നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്നായിരുന്നു ഡി രാജ പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സിപിഐ എക്‌സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. അതില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കടുത്ത തീരുമാനമായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതിന് ശേഷം എല്‍ഡിഎഫ് യോഗം ചേര്‍ന്നിരുന്നു. ഇതില്‍ പദ്ധതി താല്‍ക്കാലികമായി മരവിപ്പിക്കാന്‍ തീരുമാനിച്ചു. വിവരം സിപിഐയെ അറിയിച്ചതോടെ അവര്‍ അയഞ്ഞു. പിന്നാലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുത്തു. മന്ത്രിസഭാ യോഗത്തില്‍ പിഎംശ്രീ ചര്‍ച്ച ചെയ്യുതയും വിഷയം പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

Content Highlight; Minister GR Anil visited V Sivankutty at his home

To advertise here,contact us