കോഴിക്കോട്: സംഘര്ഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രം ഇന്ന് തുറക്കില്ല. ഡയറക്ടര് ബോര്ഡ് യോഗം ചേര്ന്ന് പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ തുറന്നു പ്രവര്ത്തിക്കുകയുളളു. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില് ചേര്ന്ന യോഗത്തിലാണ് ഇന്ന് പ്ലാന്റ് തുറന്നുപ്രവര്ത്തിക്കാനുളള അനുമതി കൊടുത്തത്. എന്നാല് ഇന്ന് സ്ഥാപനം തുറന്ന് പ്രവര്ത്തിക്കുന്നില്ല എന്ന് ഉടമകള് അറിയിക്കുകയായിരുന്നു.
ഇന്ന് പ്ലാന്റ് തുറന്നുപ്രവര്ത്തിക്കുമ്പോള് അക്രമം ഉണ്ടാകാനുളള സാധ്യത കാണുന്നുണ്ടെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കിയശേഷം മാത്രമേ പ്ലാന്റ് തുറന്ന് പ്രവര്ത്തിക്കുകയുളളു എന്നുമാണ് സ്ഥാപനം അറിയിച്ചത്. അതേസമയം, പ്ലാന്റ് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടില് ഉറച്ചുനില്ക്കുകയാണ് സമരസമിതി. ഇന്ന് വൈകുന്നേരത്തോടെ ഫാക്ടറിക്കെതിരായ സമരം പുനരാരംഭിക്കും. വൈകുന്നേരം അഞ്ചുമണി മുതല് നേരത്തെ സമരം നടന്ന അമ്പലമുക്ക് ഭാഗത്തായിരിക്കും സമരം ആരംഭിക്കുക. ഫാക്ടറി പരിസരത്ത് സമരമുണ്ടായിരിക്കില്ല.
ജില്ലാ കളക്ടറുടെ നേതൃത്വത്തില് ചേര്ന്ന ജില്ലാതല ഫെസിലിറ്റേഷന് കമ്മിറ്റിയാണ് ഫ്രഷ് കട്ടിന് ഉപാധികളോടെ പ്രവര്ത്തനാനുമതി നല്കിയത്. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണില് നിന്നും 20 ആയി കുറയ്ക്കണം, വൈകിട്ട് ആറ് മുതല് 12 വരെ പ്ലാന്റ് പ്രവര്ത്തിക്കാന് പാടില്ല, പഴകിയ അറവD മാലിന്യങ്ങള് പ്ലാന്റില് കൊണ്ടുവരാന് പാടില്ല എന്നീ ഉപാധികളോടെയാണ് പ്രവര്ത്തനാനുമതി നൽകിയത്. നിബന്ധനകളില് വീഴ്ച വരുത്തിയാല് കര്ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
ഒക്ടോബർ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സമരക്കാർ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘർഷത്തിലെത്തുന്നത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.
ഫ്രഷ് കട്ട് സംഘർഷത്തിൽ 361 പേര്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്, വഴി തടയല്, അന്യായമായി സംഘം ചേരല് തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റിന് തീയിട്ട സംഭവത്തില് 30 പേര്ക്കെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്നര് ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്ഐആറില് പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില് ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
Content Highlights: Fresh Cut Factory will not open today: operations will resume after police ensure security