'സബ് കമ്മിറ്റി റിപ്പോർട്ട് വരുംവരെ പദ്ധതിയുമായി മുന്നോട്ടില്ല'; കേരളം തയ്യാറാക്കിയ കത്തിലെ വിവരങ്ങൾ പുറത്ത്

മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം മരവിപ്പിക്കാന്‍ കേരളം കേന്ദ്രസര്‍ക്കാരിന് അയയ്ക്കുന്ന കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കരാര്‍ മരവിപ്പിക്കുന്നതെന്നാണ് കത്തില്‍ പറയുന്നത്. സബ് കമ്മിറ്റിയെ നിയോഗിച്ച കാര്യവും കത്തിലുണ്ട്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ സംസ്ഥാനം പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്നാണ് കേരളം കേന്ദ്രത്തിന് അയയ്ക്കുന്ന കത്തില്‍ പറയുന്നത്. മന്ത്രിസഭാ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ചീഫ് സെക്രട്ടറി കെ ജയതിലക് കേന്ദ്ര വിദ്യഭ്യാസ വകുപ്പിന് അയയ്ക്കാനിരിക്കുന്ന കത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കേരളം കേന്ദ്രത്തിന് കത്ത് അയയ്ക്കുന്നത്. മന്ത്രിസഭ പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് ഏഴംഗ സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ സബ് കമ്മിറ്റി പിഎം ശ്രീ സംബന്ധിച്ച് വിശദമായ പഠനം നടത്തും. ആ പഠനത്തിന്റെ റിപ്പോര്‍ട്ട് വരുന്നത് വരെ കേരളം പിഎം ശ്രീ കരാറുമായി മുന്നോട്ടുപോകുന്നില്ല, തല്‍ക്കാലം മരവിപ്പിക്കാനുളള തീരുമാനമാണ് മന്ത്രിസഭ എടുത്തത്. ഈ തീരുമാനത്തോട് കേന്ദ്രം സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ എത്ര സമയത്തേക്കാണ് കരാർ മരവിപ്പിക്കുന്നത് എന്ന് കത്തില്‍ പറയുന്നില്ല.

ധാരണാപത്രം തയ്യാറാക്കിയ വിദ്യാഭ്യാസ വകുപ്പ് തന്നെയാണ് കത്ത് തയ്യാറാക്കിയിരിക്കുന്നതും. സബ് കമ്മിറ്റിയിലുളള സിപിഐയുടെ മന്ത്രിമാരായ കെ രാജനെയും പി പ്രസാദിനെയും കത്തിന്റെ ഉളളടക്കം ധരിപ്പിച്ചിട്ടുണ്ട്. അവര്‍ കൂടി സംതൃപ്തരായതിനുശേഷമാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് കത്ത് അയയ്ക്കുക.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐയെ അറിയിക്കാതെയായിരുന്നു നീക്കങ്ങള്‍. ഇതിന് തൊട്ടുമുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ധാരണാപത്രത്തില്‍ ഒപ്പിട്ട വിവരം വാര്‍ത്തയായതോടെ സിപിഐ ഇടഞ്ഞു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. പല ഘട്ടങ്ങളിലും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ബിനോയ് വിശ്വം ഉന്നംവെച്ചു. ഒടുവില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും വിഷയത്തില്‍ ഇടപെട്ടു. സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ഡി രാജ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. പിഎം ശ്രീയില്‍ ഒപ്പിട്ട നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്നായിരുന്നു ഡി രാജ പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സിപിഐ എക്സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. അതില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കടുത്ത തീരുമാനമായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതിന് ശേഷം എൽഡിഎഫ് യോഗം ചേർന്നിരുന്നു. ഇതിൽ പദ്ധതി താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചു. വിവരം സിപിഐയെ അറിയിച്ചതോടെ അവർ അയഞ്ഞു. പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുത്തു. മന്ത്രിസഭാ യോഗത്തിൽ പിഎംശ്രീ ചർച്ച ചെയ്യുതയും വിഷയം പഠിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

Content Highlights: Freezing the pm shri contract until sub committee report comes: kerala letter to centre

To advertise here,contact us