സമസ്തയിലെ സമവായം പാളി; ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഓഡിയോ സന്ദേശം പുറത്ത്

സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിനായി ഇരു വിഭാഗം നേതാക്കളെയും അണിനിരത്തി പുതിയ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു.

കോഴിക്കോട്: രാത്രി പുലരും മുമ്പേ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലെ സമവായം പാളി. സമവായ ചര്‍ച്ചയിലെ തീരുമാനങ്ങളെ ചൊല്ലിയും തമ്മിലടി തുടരുകയാണ്. സമവായ ചര്‍ച്ചയിലെ വാര്‍ത്തകള്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തന്നെ തള്ളി. ഇക്കാര്യം വ്യക്തമാക്കിയുള്ള ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഓഡിയോ സന്ദേശം പുറത്തായി.

വാര്‍ഷിക സമ്മേളനത്തിന് വേണ്ടി രൂപീകരിച്ച കോര്‍ഡിനേഷന്‍ കമ്മറ്റി സബ് കമ്മിറ്റികള്‍ക്ക് മുകളില്ലന്ന് ഹമീദ് ഫൈസി പറയുന്നത് പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ കേള്‍ക്കാം. സമ്മേളന കോര്‍ഡിനേറ്ററെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് ഏഴംഗ സമിതിയെ വെച്ചതന്നും ഹമീദ് ഫൈസി വിശദീകരിക്കുന്നുണ്ട്.

ചാനലുകള്‍ക്ക് നല്‍കിയ വാര്‍ത്ത കള്ളവാര്‍ത്തയന്നും അവരുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കണമെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറയുന്നു. അതേ സമയം വിഷയത്തില്‍ ഹമീദ് ഫൈസിയെ തള്ളി സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗം രംഗത്തെത്തി.

സബ് കമ്മറ്റികളുടെ തീരുമാനം കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് വിധേയമെന്ന് യോഗത്തില്‍ തീരുമാനിച്ചെന്ന് ലീഗ് അനുകൂലികള്‍ പറയുന്നു. സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ചേര്‍ന്നെടുത്ത തീരുമാനമെന്നും അവര്‍ വിശദീകരിക്കുന്നു.

സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിനായി ഇരു വിഭാഗം നേതാക്കളെയും അണിനിരത്തി പുതിയ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിരുന്നു. ഏഴ് അംഗങ്ങള്‍ അടങ്ങുന്നതാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി. എം സി മായിന്‍ ഹാജിയാണ് ചെയര്‍മാന്‍. കെ മോയിന്‍കുട്ടിയാണ് കോര്‍ഡിനേറ്റര്‍.

സമദ് പൂക്കോട്ടൂര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഇബ്രാഹിം ഫൈസി പേരാല്‍ എന്നിവരാണ് കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ജിഫ്രി മുത്തുക്കോയ തങ്ങള്‍, സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ള ഒന്‍പതംഗ അനുരഞ്ജന സമിതി മഞ്ചേരിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനമായത്. ഈ കമ്മിറ്റി സഹായത്തിന് വേണ്ടി മാത്രം രൂപീകരിച്ചതെന്നാണ് ഹമീദ് ഫൈസി ഇപ്പോള്‍ പറയുന്നത്.

സമവായത്തിന്റെ ഭാഗമായി സമസ്ത മുശാവറയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കാന്‍ ധാരണയായി. സമ്മേളനത്തിന് വേണ്ടി നേരത്തെ രൂപീകരിച്ച എല്ലാ കമ്മിറ്റികളെയും പുതിയ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴിലാക്കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് രാവിലെ 10 മണിക്ക് ചേളാരിയില്‍ വെച്ച് ചേരും. നേരത്തെയുള്ള സമ്മേളന കമ്മറ്റികളില്‍ ലീഗ് അനുകൂല പക്ഷത്തിന് വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്നായിരുന്നു ആക്ഷേപം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനായിരുന്നു അനുരഞ്ജന സമിതി രൂപീകരിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു സമസ്തയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമിതി രൂപീകരിച്ചത്. ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി ശിഹാബ് തങ്ങളും നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലായിരുന്നു തീരുമാനം. ജിഫ്രി മുത്തുക്കോയ തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്ക് പുറമേ എം ടി അബ്ദുള്ള മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, പി കെ കുഞ്ഞാലിക്കുട്ടി, മൂസക്കുട്ടി ഹസ്രത്ത്, സൈനുല്‍ ആബിദീന്‍ സഫാരി, അബ്ദു സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.

To advertise here,contact us