പത്തനംതിട്ടയിൽ അവകാശികളെ കാത്ത് ബാങ്കുകളിൽ 111.82 കോടി രൂപ;രേഖകളുണ്ടെങ്കില്‍ കയ്യില്‍ ലഭിക്കും

ലീഡ് ബാങ്കിന്‍റെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് നടത്തുന്നത്

പത്തനംതിട്ട : ജില്ലയിലെ വിവിധബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 111.82 കോടി രൂപയുടെ നിക്ഷേപം. 4,07,747 അക്കൗണ്ടുകളാണ് ഇത്തരത്തിൽ അവകാശികളില്ലാതെ കിടക്കുന്നത്.

ദേശസാത്കൃതബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും 10 വർഷത്തിന് മുകളിലായി അവകാശവാദം ഉന്നയിക്കാതെ കിടക്കുന്ന തുകയാണിത്.

ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികൾക്കോ തിരിച്ചുനൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് നവംബർ മൂന്നിന് 9.30 മുതൽ പത്തനംതിട്ട അബാൻ ആർക്കേഡിന്റെ നാലാംനിലയിൽ ക്യാമ്പ് നടത്തും. ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികൾ, ധനകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ലീഡ് ബാങ്കിന്‍റെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് നടത്തുന്നത്.

നിക്ഷേപകർ മരിക്കുകയോ, വിദേശത്തായിരിക്കുകയോ മറ്റെന്തെങ്കിലും കാരണങ്ങൾകൊണ്ടോ അക്കൗണ്ടുകളിൽ ഇടപാടുകളില്ലാതെ വരാറുണ്ട്. നിക്ഷേപകൻ അക്കൗണ്ടിനെക്കുറിച്ച് പറയാത്തതുമൂലവും മറ്റ് കാരണങ്ങൾകൊണ്ടും അനന്തരാവകാശികൾക്കും പലപ്പോഴും ഇതേക്കുറിച്ച് അറിയാതെ വരാം. ഇത്തരത്തിൽ 10 വർഷത്തിലേറെയായി ഒരിടപാടും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക.

പൗരന്മാർക്ക് അവകാശപ്പെട്ടതും ഇതുവരെ ക്ലെയിംചെയ്യപ്പെടാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഇൻഷുറൻസ് തുകകൾ, ഡിവിഡന്റുകൾ, മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ, പെൻഷൻ ബാലൻസുകൾ തുടങ്ങിയ തുകകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും പണം അവകാശികളിലേക്ക് എത്തിക്കാനുള്ള സാഹചര്യം ഒരുക്കാനുമാണ് രാജ്യവ്യാപകമായി നടത്തുന്ന ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ കാംപെയ്ൻ ലക്ഷ്യമിടുന്നത്.

Content Highlight : Rs 111.82 crore in banks for heirs in Pathanamthitta; documents available

To advertise here,contact us