കെപിസിസി നേതൃയോഗം നവംബർ ഒന്നിന് ചേരും; തീരുമാനം വി ഡി സതീശൻ്റെ എതിർപ്പിനിടെ

വി ഡി സതീശന്‍റെ എതിർപ്പ് കാരണം നേരത്തെ നേതൃയോഗം മാറ്റിവെച്ചിരുന്നു

തിരുവനന്തപുരം: പുനഃസംഘടനയ്ക്ക് പിന്നാലെ നേതാക്കൾക്കിടയിൽ ഉടലെടുത്ത അസ്വാരസ്യങ്ങൾക്കിടെ കെപിസിസി നേതൃയോഗം നവംബർ ഒന്നിന് നടക്കും. കെപിസിസിയുടെ പുതിയ ഭാരവാഹികൾ യോഗത്തിൽ ചുമതലയേറ്റെടുക്കും. തദ്ദേശതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തും.

കെപിസിസി, യൂത്ത് കോൺഗ്രസ് പുനഃസംഘടനയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം അതൃപ്തി പരസ്യമാക്കിയതോടെ നേരത്തെ നേതൃയോഗം മാറ്റിവെച്ചിരുന്നു. കെപിസിസി പരിപാടികൾ വി ഡി സതീശൻ ബഹിഷ്‌കരിച്ചതിന് പിന്നാലെയാണ് നേതൃയോഗം മാറ്റിവെച്ചത്. നേതാക്കളുടെ അനിഷ്ടം പരസ്യമായതോടെ സമവായത്തിനുള്ള നീക്കം ഹൈക്കമാൻഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കെപിസിസിയുമായി സഹകരിക്കണമെന്ന് വി ഡി സതീശനോട് ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു.

സതീശന് പുറമെ കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കളും അതൃപ്തി പരസ്യമാക്കിയിരുന്നു. യൂത്ത് കോൺഗ്രസ് ഭാരവാഹികളെ നിശ്ചയിച്ചതിനെതിരെയും പാർട്ടിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.

Content Highlights: KPCC meeting to be held on November first

To advertise here,contact us