കൊച്ചി: കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയം നവീകരണത്തിന്റെ മറവില് മരംമുറി നടന്നെന്ന പ്രചാരണം വ്യാജമെന്ന് കലൂര് സ്റ്റേഡിയം ഷോപ്പ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധികള്. ഉണങ്ങിയ ശിഖരങ്ങള് മുറിച്ചുമാറ്റുകയാണ് ചെയ്തതെന്ന് അസോസിയേഷന് പ്രതിനിധികള് വാര്ത്താസമ്മേളനത്തില് പറഞ്ഞു. സ്റ്റേഡിയം നവീകരിക്കണം. അത് തങ്ങളുടെ സ്വപ്നമാണ്. നിലവില് നടക്കുന്ന വ്യാജ പ്രചാരണങ്ങള് അവസാനിപ്പിച്ച് തുടര്ന്നും മത്സരങ്ങള് നടക്കണമെന്നും പ്രതിനിധികള് പറഞ്ഞു.
ഫിഫ നിലവാരത്തിലേക്ക് സ്റ്റേഡിയം മാറിയാല് കളി നടക്കുമ്പോള് കട പൂട്ടുന്ന പതിവ് ഒഴിവാക്കണമെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവെച്ചു. ഗേറ്റിങ് സംവിധാനം വന്നാല് കളി നടക്കുമ്പോഴും കട പ്രവര്ത്തിക്കാം. നിലവില് വന്നിരിക്കുന്ന സ്പോണ്സര് പിന്മാറിയാല് ഇനിയാര് വരുമെന്ന ആശങ്കയും അവര് പ്രകടിപ്പിച്ചു.
സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പരിസരത്ത് വെള്ളക്കെട്ട് ഉണ്ടായെന്ന പ്രചാരണവും പ്രതിനിധികള് തള്ളി. കാലങ്ങളായി സ്റ്റേഡിയം പരിസരത്തുള്ള വെള്ളക്കെട്ട് ഇപ്പോഴാണോ എല്ലാവരും കണ്ടതെന്ന് അവര് ചോദിച്ചു. വിവാദ പ്രചരണങ്ങളില് കുരുങ്ങി നിലവില് നടക്കുന്ന പ്രവര്ത്തനങ്ങള് നിലച്ചുപോകരുതെന്നും സംഘടന പ്രതിനിധികള് കൂട്ടിച്ചേര്ത്തു.
അതേസമയം സ്റ്റേഡിയത്തില് നടക്കുന്ന പ്രവര്ത്തനങ്ങള് കരാര് പ്രകാരമെന്ന് കഴിഞ്ഞ ദിവസം ജിസിഡിഎ ചെയര്മാന് കെ ചന്ദ്രന്പിള്ള പറഞ്ഞിരുന്നു. സ്പോണ്സര് തന്നിഷ്ടപ്രകാരം ഒന്നും ചെയ്തിട്ടില്ലെന്നും സ്പോണ്സര് നടത്തുന്ന പ്രവര്ത്തനങ്ങള് കരാര് പ്രകാരവും ജിസിഡിഎ അനുമതിയോടും കൂടിയാണെന്നുമാണ് ചെയര്മാന് പറഞ്ഞത്.
Content Highlights: kaloor Stadium should be renovated Said kaloor stadium shop owners association