സത്യമിതാണ്! 'QR കോഡുമായി വിവാഹദിനം ഗൃഹനാഥന്റെ പണപ്പിരിവ്'; റീൽസെടുക്കാനുള്ള ശ്രമം വെട്ടിലാക്കി, സെെബർ ആക്രമണം

അബ്ദുള്‍ ലത്തീഫിന്റെ ജേഷ്ഠന്റെ മകന്റെ വിവാഹ ദിവസമായിരുന്നു സംഭവം

മലപ്പുറം: റീല്‍സ് ചിത്രീകരണം ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഒറ്റ റീല്‍സില്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വന്നവരും വെട്ടിലായവരും നിരവധിയുണ്ട്. ഇത്തരത്തില്‍ ഒരു റീല്‍സെടുത്ത് പൊറുതിമുട്ടിയിരിക്കുകയാണ് ആലുവ സ്വദേശിയായ അബ്ദുള്‍ ലത്തീഫ്.

'കീശയില്‍ പിന്‍ ചെയ്തുവെച്ച ക്യൂ ആര്‍ കോഡ് വഴി വിവാഹ വീടിന്റെ മുറ്റത്ത് നിന്ന് പണം വാങ്ങുന്ന ഗൃഹനാഥന്‍' എന്ന പേരില്‍ കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടുകയാണ് അബ്ദുള്‍ ലത്തീഫ്. റീല്‍ ചിത്രീകരണത്തിന് വേണ്ടി ചെയ്ത കാര്യം വിവാഹത്തിനെത്തിയ മറ്റൊരാളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഗതി വഷളായത്.

അബ്ദുള്‍ ലത്തീഫിന്റെ ജേഷ്ഠന്റെ മകന്റെ വിവാഹ ദിവസമായിരുന്നു സംഭവം. റീല്‍സ് ചെയ്യുന്നതിന്റെ ഭാഗമായാണ് ക്യൂ ആര്‍ കോഡ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ പിന്‍ ചെയ്തത്. ചിലര്‍ ക്യൂ ആര്‍ സ്‌കാന്‍ ചെയ്ത് 1000 രൂപ വരെ അയക്കുന്നതും വീഡിയോയില്‍ കാണാം. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു.

വിവാഹത്തിനെത്തുന്നവരില്‍ നിന്നും ഗൃഹനാഥന്‍ പണം വാങ്ങുന്നുവെന്ന തരത്തില്‍ ഇത് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചതോടെ അബ്ദുള്‍ ലത്തീഫും കുടുംബവും കടുത്ത മാനസിക വിഷമത്തിലായി. സംഭവത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്നിരിക്കെ വ്യാജപ്രചാരണത്തിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണമാണ് അബ്ദുള്‍ ലത്തീഫ് നേരിടുന്നത്.

Content Highlights: Abdul Latif a native of Aluva, Facing Cyber attack due to reels

To advertise here,contact us