കോഴിക്കോട്: ദേവസ്വം ബോർഡുകൾക്കെതിരെ എസ്എൻഡിപി യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയത്തിൽ ഭാവിയോ ഇടമോ ഇല്ലാത്തവർക്ക് സർക്കാർ ചിലവിൽ സുഖമായി പദവി ആസ്വദിച്ച് കഴിയാനുള്ള സംവിധാനമായി ദേവസ്വം ബോർഡുകൾ മാറി. അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിൽ മുങ്ങിയിരിക്കയാണ്. ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം എന്നാണ് എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാദത്തിൽ വെള്ളാപ്പള്ളി പറയുന്നത്.
രാഷ്ട്രീയ സ്വാധീനത്താൽ കടന്നുകൂടിയവരാണ് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ. അതിനാൽതന്നെ അവരുടെ കൈകളിൽ കറപുരണ്ടിട്ടുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കും വിധം ദേവസ്വം ബോർഡുകളുടെ ഭരണം മാറി. അതിന്റെ ഉദാഹരണമാണ് ശബരിമലയിലെ സ്വർണക്കൊള്ള. ദേവസ്വം ബോർഡ് പിരിച്ചുവിടണം. എണ്ണം കുറച്ച് പരമാവധി രണ്ട് എന്ന കണക്കിലേക്ക് മാറ്റണം. നിരവധി വകുപ്പുകളിൽ ഒന്ന് എന്ന നിലയിൽനിന്ന് മാറ്റി ദേവസ്വത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ നൽകണമെന്നും വെള്ളാപ്പള്ളി പറയുന്നു.
രാഷ്ട്രീയ പുറമ്പോക്കിൽ ഗതികിട്ടാപ്രേതങ്ങളായി അലയുന്ന നിർഗുണന്മാരായ നേതാക്കൾക്ക് ജീവിക്കാൻ വകയും പദവിയും നൽകുന്ന സംവിധാനമായി ദേവസ്വം ബോർഡുകൾ മാറി. വന്നവരിലും പോയവരിലും ചൂഷണവും മോഷണവും നടത്താത്തവരും കാണിക്ക വഞ്ചിയിൽ കൈയിട്ടുവാരാത്തവരും ചുരുക്കമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള വിവാദം സർക്കാരിനെയും ദേവസ്വത്തെയും പ്രതിന്ധിയിലാക്കി. ഹൈക്കോടതിയുടെ ഇടപെടൽകൊണ്ടുമാത്രമാണ് ദേവസ്വം ബോർഡുകൾ ഇതുപോലെയെങ്കിലും പ്രവർത്തിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ പ്രതിഷ്ഠ വരെ അടിച്ചുകൊണ്ടുപോകാൻ കഴിയുന്ന മുരാരി ബാബുമാർ ദേവസ്വം ബോർഡിലുണ്ട്. ഈ സംവിധാനം മുഴുവൻ പിരിച്ച് വിടണം. പുതിയ സംവിധാനം കൊണ്ടുവരണമെന്നും വെള്ളാപ്പള്ളി എഡിറ്റോറിയലിൽ വ്യക്തമാക്കി.
Content Highlights: Vellapally Natesan against Devaswom boards