സ്റ്റേഡിയം നവീകരിക്കുകയല്ലേ ചെയ്യുന്നത്?, പൊളിച്ചുമാറ്റുക ഒന്നും അല്ലല്ലോ, വിവാദമെന്തിന്; എം ബി രാജേഷ്

രാജീവ് ചന്ദ്രശേഖറിനെതിരെ ഉയര്‍ന്ന ഭൂമി കുംഭകോണ ആരോപണത്തിലും മന്ത്രി പ്രതികരിച്ചു.

തിരുവനന്തപുരം: കലൂര്‍ സ്റ്റേഡിയം നവീകരിക്കുകയല്ലേ ചെയ്യുന്നത്, പൊളിച്ചു മാറ്റുക ഒന്നും അല്ലല്ലോയെന്ന് ചോദിച്ച് മന്ത്രി എംബി രാജേഷ്. കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റേഡിയം നവീകരിക്കുകയല്ലേ ചെയ്യുന്നത്. പൊളിച്ചു മാറ്റുക ഒന്നും അല്ലല്ലോ. നമ്മുടെ നാട്ടില്‍ നല്ല കാര്യം നടക്കാനും പാടില്ല എന്നാണോ.അത് സര്‍ക്കാരിന് ചിലവ് വരുന്ന കാര്യം അല്ല. ഒരാള്‍ ഒരു പൊതുകാര്യം നവീകരിക്കാന്‍ ശ്രമിക്കുന്നു. ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ വിവാദം ആക്കുന്നത് എന്തിനാണെന്നും എം ബി രാജേഷ് ചോദിച്ചു.

രാജീവ് ചന്ദ്രശേഖറിനെതിരെ ഉയര്‍ന്ന ഭൂമി കുംഭകോണ ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. രാജീവിനെ കുറിച്ചല്ലേ ആരോപണം വന്നിരിക്കുന്നത്. അതിനു മറുപടി പറയേണ്ടത് അദ്ദേഹം ആണ്. വിശദീകരിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. മാധ്യമങ്ങളോട് ആക്രോശിച്ചിട്ടും മാധ്യമങ്ങള്‍ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല. അദ്ദേഹത്തിന് പ്രത്യേക പ്രിവിലേജ് ലഭിക്കുന്നുണ്ടോയെന്ന് എം ബി രാജേഷ് ചോദിച്ചു.

വിഷയത്തിലെ കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര അവര്‍ വിശദീകരിക്കണം. കോണ്‍ഗ്രസിന്റെ ഒരുപാട് പേര്‍ രംഗത്തുണ്ടല്ലോ. അവര്‍ തന്നെ മറുപടി പറയണം. പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും പറയട്ടെ. മൂന്നുപേരും വ്യക്തമാക്കട്ടെ. എന്ത് നടപടിയാണ് കര്‍ണാടക സര്‍ക്കാര്‍ എടുക്കുന്നതെന്ന് അവരെ വ്യക്തമാക്കട്ടെ. ബിജെപി സംസ്ഥാന അധ്യക്ഷനും കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരുമാണ് ഇതില്‍ ഉത്തരം നല്‍കേണ്ടതെന്നും എം ബി രാജേഷ് പറഞ്ഞു.

എസ്‌ഐആര്‍ ഉടന്‍ നടപ്പാക്കണം എന്നത് ദുരൂഹം. ഇലക്ഷന്‍ കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണിത്. ഉടന്‍ നടപ്പാക്കാനാകില്ല എന്ന നേരത്തെ അറിയിച്ചതാണ്. നിലവിലെ തീരുമാനം സദുദ്ദേശപരമല്ല. എസ്‌ഐആറിനെതിരെ നിയമസഭാ സംയുക്ത പ്രമേയം പാസാക്കിയതാണെന്നും എംബി രാജേഷ് പറഞ്ഞു.

To advertise here,contact us