കൊച്ചി: കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി സൂരജ് ലാമ(58)യെ കണ്ടെത്തുന്നതിന് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചാല് അറിയിക്കുന്നതിനായുള്ള മൊബൈല് നമ്പറടക്കം നല്കിയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്. ഓര്മ നഷ്ടപ്പെട്ടതിനെ തുടര്ന്ന് സൂരജ് ലാമയെ കുവൈറ്റില് നിന്നും കൊച്ചിയിലേക്ക് കയറ്റിവിടുകയായിരുന്നു. ലാമയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകന് സന്ദന് ലാമ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോര്പ്പസ് ഹര്ജി സമര്പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന് ജസ്റ്റിസുമാരായ ദേവന് രാമചന്ദ്രന്, എം ബി സ്നേഹലത എന്നിവരുടെ ബെഞ്ച് നിര്ദേശം നല്കിയത്.
ഓഗസ്റ്റ് മാസം അഞ്ചിനാണ് കുവൈറ്റില് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില് വന്നിറങ്ങിയ സൂരജ് ലാമയെ കാണാതാവുന്നത്. ബന്ധുക്കളെ പോലും അറിയിക്കാതെ ഓര്മയില്ലാത്ത പിതാവിനെ അറിയാത്ത നഗരത്തിലേക്ക് കയറ്റിവിട്ടുവെന്ന ആരോപണവുമായി സന്ദന് ലാമ രംഗത്തെത്തിയിരുന്നു. പിന്നീട് പിതാവിനെ കാണാതായെന്ന് മനസിലാക്കിയതോടെ ഇയാള് കൊച്ചിയിലെത്തി സ്വന്തം നിലയ്ക്ക് അന്വേഷിക്കുകയും പല സ്ഥലങ്ങളിലും ഇയാളെ കണ്ടതായി പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും സൂരജ് ലാമയെ കണ്ടെത്താന് പൊലീസിന് സാധിക്കാത്തതിനാലാണ് സന്ദന് ലാമ ഹൈക്കോടതിയെ സമീപിച്ചത്.
ഓഗസ്റ്റ് മാസം അഞ്ചിന് കുവൈറ്റിലുണ്ടായ മദ്യദുരന്തത്തില് ഇന്ത്യക്കാര് ഉള്പ്പെടെ 23 പേര് മരിക്കുകയും നിരവധി ആളുകള്ക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇതില് പരിക്കേറ്റവരുടെ കൂട്ടത്തില് കുവൈറ്റില് ബിസിനസ് ചെയ്തിരുന്ന സൂരജ് ലാമയുമുണ്ടായിരുന്നു. ഓര്മ പൂര്ണമായും നഷ്ടപ്പെട്ട നിലയിലായിരുന്നു ലാമയെ ആശുപത്രിയില് നിന്നും ഡിസ്ചാര്ജ് ചെയ്തത്. കാണാതാകുന്ന സമയത്ത് കറുത്ത ടീഷര്ട്ടും നീല ജേഴ്സിയുമായിരുന്നു ലാമയുടെ വേഷം. സൂരജ് ലാമയെക്കുറിച്ച് വിവരം ലഭിക്കുന്നവര് 9497990077, 9497987128 എന്നീ നമ്പറുകളില് വിവരം അറിയിക്കണമെന്ന് ലുക്ക്ഔട്ട് നോട്ടീസില് പറയുന്നു.
Content Highlight; Lookout notice issued for Sooraj Lama, missing Kuwait liquor tragedy victim from Kochi