ഡോ. വന്ദനാ ദാസ് കൊലക്കേസ്: നടപടികൾ വേഗത്തിലാക്കാൻ വിചാരണ കോടതിക്ക് ഹൈക്കോടതിയുടെ നിർദേശം

വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി. കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയിലാണ് നടപടി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെയായിരുന്നു വന്ദനാ ദാസ് അതിദാരുണമായി കൊല്ലപ്പെടുന്നത്. 2023 മെയ് 10നായിരുന്നു സംഭവം. അയൽവാസിയുമായുള്ള സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചതായിരുന്നു കേസിലെ പ്രതി സന്ദീപിനെ. പരിശോധനയ്ക്ക് പിന്നാലെ സന്ദീപ് പ്രകോപിതനാകുകയും ആശുപത്രിയിൽ എത്തിച്ച അയൽവാസിയെ ആദ്യം ആക്രമിക്കുകയും ചെയ്തു.

പിന്നാലെയാണ് സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരെയും ഡോക്ടർ വന്ദനയെയും സന്ദീപ് ആക്രമിക്കുന്നത്. മേശപ്പുറത്തുണ്ടായിരുന്ന കത്രിക ഉപയോഗിച്ചാണ് വന്ദനയെ സന്ദീപ് ആക്രമിച്ചത്. കഴുത്തിലും മുതുകിലും അടക്കം വന്ദനയ്ക്ക് ആറോളം കുത്തുകളേറ്റു. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസും സഹപ്രവര്‍ത്തകരും ഏറെ പണിപ്പെട്ടാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. നില ഗുരുതരമായിരുന്ന വന്ദനയെ ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. സർക്കാർ സ്കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്. സംഭവത്തിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.

Content Highlight; High Court directs speedy trial in Dr. Vandana Das murder case

To advertise here,contact us