ന്യൂഡൽഹി: തിരുവനന്തപുരത്ത് മാത്രമായി പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കാൻ ഹൈക്കമാൻഡ്. കേരളത്തിൽനിന്നും ഒറ്റ പേര് നൽകിയാൽ ഉടൻ നിയമനം നടത്താനാണ് നീക്കം. മറ്റു ജില്ലകളിലെ അധ്യക്ഷന്മാരെ മാറ്റില്ല. താത്കാലിക ഡിസിസി പ്രസിഡന്റ് സ്ഥാനത്ത്നിന്ന് ഒഴിവാക്കണമെന്ന് എൻ ശക്തൻ ആവശ്യമുന്നയിച്ചതിന് പിന്നാലെയാണ് പുതിയ ഡിസിസി പ്രസിഡന്റ് നിയമനം.
പാലോട് രവി രാജിവെച്ചതിന് പിന്നാലെയാണ് കെപിസിസി വൈസ് പ്രസിഡന്റായിരുന്ന ശക്തനെ ഡിസിസി പ്രസിഡന്റിന്റെ ചുമതല കൂടി ഏൽപിച്ചത്. തെരഞ്ഞെടുപ്പുകൾ കഴിയും വരെ മുതിർന്ന നേതാവെന്ന നിലയിൽ ശക്തൻ തുടരട്ടേയെന്ന തീരുമാനത്തിലായിരുന്നു നേതൃത്വം. എന്നാൽ സ്ഥാനം ഒഴിയാൻ ശക്തൻ താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
എന്നാൽ പടലപിണക്കങ്ങൾ തുടരുന്ന കേരളത്തിൽ സമവായം ഉണ്ടാക്കാനാണ് ഹൈക്കമാൻഡ് നിർദേശം. തദ്ദേശ - നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുതിർന്ന നേതാക്കൾ അടങ്ങുന്ന പുതിയ സമിതിയെ നിയോഗിക്കും. കെപിസിസി പുനഃസംഘടനയിൽ ജംബോ കമ്മിറ്റി വന്ന പശ്ചാത്തലത്തിലാണ് പുതിയ സമിതി. നിലവിലെ എല്ലാ സംവിധാനങ്ങൾക്കും മുകളിലാകും പുതിയ കോ ഓർഡിനേഷൻ സമിതി. ജംബോ കമ്മിറ്റിയിൽ നേതാക്കൾക്കിടയിൽ അതൃപ്തി നിലനിൽക്കെ കെപിസിസി സെക്രട്ടറിമാരെ ഉടൻ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.
കെപിസിസി പുനഃസംഘടനയിലെ അതൃപ്തിക്ക് പിന്നാലെ പരിപാടികളിൽനിന്നടക്കം വിട്ടുനിൽക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സഹകരിക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകി. കെപിസിസിയുമായി സഹകരിക്കാനാണ് നിർദേശം. അച്ചടക്കലംഘനം അംഗീകരിക്കാനാവില്ലെന്നും പുനഃസംഘടനയിലെ പരാതികൾ പരിഹരിക്കുമെന്നും ഹൈക്കമാൻഡ് വ്യക്തമാക്കി.
തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിൽ ചെമ്പഴന്തി അനിലിനെ നിയമിക്കണമെന്നാണ് വി ഡി സതീശന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം നേതൃത്വം അംഗീകരിച്ചിട്ടില്ല. ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. തർക്കം രൂക്ഷമായതോടെ കെപിസിസി പരിപാടികൾ ബഹിഷ്കരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.
Content Highlights: High Command plans to appoint new DCC President only in Thiruvananthapuram