പിഎം ശ്രീ; സിപിഐക്കിത് രാഷ്ട്രീയ നേട്ടം

എല്‍ഡിഎഫില്‍ സിപിഐഎം പുലര്‍ത്തുന്ന ഏകപക്ഷീയ മേധാവിത്വത്തിന് മൂക്കുകയറിടാന്‍ കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം

തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് പിഎം ശ്രീയില്‍ സിപിഐഎമ്മും സിപിഐയും തമ്മില്‍ ധാരണയിലെത്തിയത്. പിഎംശ്രീ പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ വലിയ രാഷ്ട്രീയനേട്ടം കൂടിയാണ് മുന്നണിയില്‍ സിപിഐക്ക് നേടാനായത്. എല്‍ഡിഎഫില്‍ സിപിഐഎം പുലര്‍ത്തുന്ന ഏകപക്ഷീയ മേധാവിത്വത്തിന് മൂക്കുകയറിടാന്‍ കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അണികള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ഇനി പാര്‍ട്ടിക്കാവും.

പാര്‍ട്ടിക്ക് നല്‍കിയ എല്ലാ ഉറപ്പും കാറ്റില്‍ പറത്തി മുന്നണിയിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ പിഎം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചപ്പോള്‍ മുന്നണിയില്‍ തീര്‍ത്തും നിസ്സഹായരായിരുന്നു സിപിഐ. ആ അവസ്ഥയെയാണ് രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ ദിവസങ്ങള്‍ക്കുളളില്‍ പാര്‍ട്ടി നേതൃത്വം മറികടന്നത്. അതും വല്യേട്ടനായ സിപിഐമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ മുട്ടുകുത്തിച്ച്. പിഎം ശ്രീ ധാരണപത്രം താല്‍ക്കാലികമായെങ്കിലും മരവിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ സിപിഐ ഉന്നയിച്ച പ്രധാന പ്രശ്‌നത്തിന് പരിഹാരം കാണാനെയന്ന വിലയിരുത്തലാണ് പാര്‍ട്ടി നേതൃത്വത്തിനുളളത്.

മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുളള സിപിഐ നേതൃത്വത്തിന്റെ തീരുമാനമാണ് പിഎം ശ്രീ വിവാദത്തില്‍ നിര്‍ണായക വഴിത്തിരിവായത്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ഗുരുതരമായ പ്രതിസന്ധി ഇതോടെ സിപിഐഎമ്മും സര്‍ക്കാറും മുന്നില്‍ക്കണ്ടു. അനുനയചര്‍ച്ചകളിലും സിപിഐ കടുംപിടുത്തം തുടര്‍ന്നതോടെ സിപിഐഎമ്മിന് മുട്ടുമടക്കേണ്ടി വന്നു. മുന്‍പ് അഴിമതി ആരോപണത്തില്‍പ്പെട്ട തോമസ് ചാണ്ടിയ്ക്ക് ഒന്നാം പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതും സിപിഐയുടെ സമാന നീക്കത്തിലൂടെയായിരുന്നു.

തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ സിപിഐയ്ക്ക് ഇത് വലിയ രാഷ്ട്രീയ വിജയമാണ്. ഇനി ആത്മവിശ്വാസത്തോടെ അണികളെയെങ്കിലും അഭിമുഖീകരിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനാവും. അതേസമയം, സിപിഐഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം ഇനി പഴയതുപോലെ ആകണമെന്നില്ല. എടുത്തതീരുമാനം തീരുത്തേണ്ടിവന്നത്, സിപിഐഎമ്മിന് മാത്രമല്ല, സര്‍ക്കാരിന്റെ തലവനെന്ന നിലയില്‍ പിണറായി വിജയനും കനത്ത തിരിച്ചടിയാണ്. തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് ചര്‍ച്ചകളെ വരെ ദിവസങ്ങള്‍ നീണ്ടുനിന്ന ഈ തര്‍ക്കം ബാധിച്ചേക്കാം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ . കേന്ദ്രവുമായി ഉണ്ടാക്കിയിട്ടുള്ള കരാര്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചേക്കും. സിപിഐ മന്ത്രിമാരും ഇതിലുള്‍പ്പെടുമെന്നാണ് സൂചന.

Content Highlights: CPI and CPIM reach agreement in pm shri

To advertise here,contact us