പിഎം ശ്രീ; മുഖ്യമന്ത്രി വിശദീകരിക്കുമെന്ന് ഡി രാജ, മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും

മെമ്മോറാണ്ടത്തിൽ ഒപ്പുവെച്ച സ്ഥിതിയ്ക്ക് അതിൽ നിന്ന് പിൻവാങ്ങുന്ന കാര്യങ്ങൾ പരിശോധിക്കുമെന്ന് ഡി രാജ

ന്യൂഡൽഹി: പിഎം ശ്രീ വിവാദങ്ങളെ കുറിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും. ഇപ്പോഴത്തെ ചർച്ചയിൽ വലിയ പ്രതീക്ഷയുണ്ടെന്നും ഡി രാജ മാധ്യമങ്ങളോട് പറഞ്ഞു. സമവായത്തിലെത്തിയത് സിപിഐയുടെ വിജയമാണോ എന്ന ചോദ്യത്തോട് അത്തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പുറത്തുവന്നത് കൂട്ടായ തീരുമാനമാണ്. എംഒയുവിൽ ഒപ്പിട്ട സ്ഥിതിക്ക് അതിൽ നിന്ന് പിൻവാങ്ങുന്ന കാര്യങ്ങൾ പരിശോധിക്കും. കേന്ദ്ര തീരുമാനം അനുസരിച്ച് ബാക്കി നടപടികൾ സ്വീകരിക്കുമെന്നും ഡി രാജ പറഞ്ഞു.

പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സിപിഐ എടുത്ത നിലപാടിനുമുന്നിൽ മുട്ടുമടക്കിയിരിക്കയാണ് സിപിഐഎം. പദ്ധതി തൽക്കാലത്തേക്ക് മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്ത് നൽകാനാണ് തീരുമാനം. വൈകീട്ട് മൂന്നരയ്ക്കാണ് മന്ത്രിസഭായോഗം. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: CM will explain PM Shri controversies says D Raja

To advertise here,contact us