ന്യൂഡല്ഹി: നിയമസഭ തെരഞ്ഞെടുപ്പില് യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്ന് കെപിസിസി നേതൃത്വം ഹൈക്കാന്ഡിനോട്. അതേ സമയം തെരഞ്ഞെടുപ്പിനെ നേരിടാന് സംസ്ഥാന നേതൃത്വം തയ്യാറാക്കിയ പ്ലാനില് മാറ്റങ്ങള് ഹൈക്കമാന്ഡ് നിര്ദേശിച്ചു. ഒരുമിച്ച് നീങ്ങാനും ഭരണവിരുദ്ധവികാരം വോട്ടാക്കി മാറ്റാന് പുതിയ തന്ത്രങ്ങള് ആവിഷ്ക്കരിക്കാനും നിര്ദേശമുണ്ടായി. കേരളത്തിലെ പാര്ട്ടി കാര്യങ്ങള് ചര്ച്ച ചെയ്യുന്നതിനായി ഹൈക്കമാന്ഡ് വിളിച്ചു ചേര്ത്ത യോഗത്തിലാണിത്.
ശബരിമലയിലെ സ്വര്ണപ്പാളി വിവാദം താഴെതട്ടില് സര്ക്കാരിനെ എതിരാക്കിയെന്ന് സംസ്ഥാന നേതൃത്വം യോഗത്തില് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില് യുഡിഎഫിന് അനുകൂല സാഹചര്യമാണുള്ളതെന്നും പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിനെതിരെ യോഗത്തില് കടുത്ത വിമര്ശനമാണുണ്ടായത്. വയനാട് ഡിസിസി അദ്ധ്യക്ഷനെ നിയമിക്കുന്നതിന് മുന്പ് കൂടിയാലോചന നടന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില് അഞ്ചക്ക വോട്ടിന് തോറ്റവരെ ജനറല് സെക്രട്ടറിമാരാക്കി എന്നും വിമര്ശനമുയര്ന്നു.
അതേ സമയം സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്ത്തനരീതിയിലെ തന്റെ അതൃപ്തി ഹൈക്കമാന്ഡിനെ അറിയിച്ചെന്ന് മുന് കെപിസിസി അദ്ധ്യക്ഷന് കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. അതൃപ്തി നേരെ മുഖം നോക്കി പറഞ്ഞു. നേതാക്കന്മാരാണ് ഈ പാര്ട്ടിയില് അനൈക്യം ഉണ്ടാക്കുന്നവര്. അനൈക്യം ഉണ്ടാക്കുന്നത് നിര്ത്തിയാല് അടുത്ത തെരഞ്ഞെടുപ്പില് വിജയിച്ചുവരാം. ഇല്ലേല് വെള്ളത്തിലാകും. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Situation favorable for UDF in assembly elections; KPCC to high command