'തെറ്റായി വ്യാഖ്യാനിക്കാൻ മത്സരം'; സിപിഐ എതിർപ്പ് മുഖവിലക്കെടുക്കാതെ മന്ത്രിയും പാർട്ടിയും;ദേശാഭിമാനിയിൽ ലേഖനം

'മതനിരപേക്ഷത ഉറപ്പിക്കും, എന്നും കുട്ടികളുടെ പക്ഷത്ത്' എന്ന തലക്കെട്ടിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം.

തിരുവനന്തപുരം: പി എം ശ്രീയില്‍ സിപിഐ എതിര്‍പ്പിനെ മുഖവിലക്കെടുക്കാതെ സിപിഐഎമ്മും പൊതുവിദ്യാഭ്യാസ വകുപ്പും. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാന്‍ മത്സരിക്കുകയാണ് ചിലര്‍ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സിപിഐഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ശിവന്‍കുട്ടി നിലപാട് ആവര്‍ത്തിച്ചത്. 'മതനിരപേക്ഷത ഉറപ്പിക്കും, എന്നും കുട്ടികളുടെ പക്ഷത്ത്' എന്ന തലക്കെട്ടിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ ലേഖനം.

അക്കാദമികമല്ലാത്ത ചര്‍ച്ചകള്‍ നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ പിറകോട്ടടിക്കാനേ കാരണമാകൂ. പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ സൂചിപ്പിച്ച കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാൻ മത്സരിക്കുകയാണ് പത്രമാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും. പദ്ധതിയില്‍ ഒപ്പുവെച്ചാല്‍ പാഠ്യപദ്ധതിയെല്ലാം മാറ്റി കേന്ദ്രം നിശ്ചയിച്ചുനല്‍കുന്നത് നടപ്പാക്കേണ്ടി വരുമെന്നത് അവാസ്തവമാണ്. സംസ്ഥാനങ്ങള്‍ക്ക് അവരുടെ കരിക്കുലം തുടരാമെന്ന് ദേശീയ വിദ്യാഭ്യാസനയത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രിയുടെ ലേഖനത്തില്‍ പറയുന്നു.

സംസ്ഥാനങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗിച്ചാണ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതികളെ നിരാകരിക്കുന്നത് ജനദ്രോഹരമായ നിലപാട് ആയിരിക്കും. പദ്ധതി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ അനുഭവങ്ങളും നിരന്തരമായ ആശയവിനിമയത്തിന്റെയും അടിസ്ഥാനത്തിലാണ് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ വകുപ്പ് തീരുമാനിച്ചത്. കുട്ടികളുടെ മൗലികാവകാശങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് നിഷേധിക്കുന്നു എന്ന കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഭരണകൂടം മറുപടി നല്‍കേണ്ടതുണ്ട്. പദ്ധതിയെ എതിര്‍ക്കുന്നവരുടെ വാദം പോലെ ഇതും പ്രസക്തമാണ്. വിദ്യാഭ്യാസ അവകാശനിയമം ഉറപ്പ് നല്‍കുന്ന ഗുണമേന്മാ വിദ്യാഭ്യാസ ആവശ്യങ്ങള്‍, എട്ടാം ക്ലാസ് വരെ സൗജന്യ പാഠപുസ്തകങ്ങള്‍, യൂണിഫോമുകള്‍, ഭിന്നശേഷി കുട്ടികളുടെ പഠനം, ട്രൈബൽ-തീരദേശ മേഖലയിലെ കുട്ടികളുടെ പ്രത്യേക വിദ്യാഭ്യാസ പദ്ധതികള്‍ അടക്കം അടിയന്തര പ്രാധാന്യത്തോടെ തുടര്‍ന്നും നടപ്പാക്കേണ്ടവയാണ്. എല്ലാം പഠിച്ചശേഷമാണ് കേരളം തീരുമാനം എടുത്തത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്കുള്ളതാണ്. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വകുപ്പ് തുടര്‍ന്നും ധീരമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകും എന്നും ലേഖനത്തിലൂടെ മന്ത്രി വ്യക്തമാക്കി.

അതേസമയം പിഎം ശ്രീയില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് സിപിഐ നിലപാട്. നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേന്നുമെന്നാണ് സൂചന. സിപിഐഎമ്മും മുഖ്യമന്ത്രിയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നിലപാടില്‍ നിന്ന് വ്യതിചലിക്കാതെ നില്‍ക്കുകയാണ് സിപിഐ. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സിപിഐ നേതാക്കളുമായി ബിനോയ് വിശ്വം ചര്‍ച്ച നടത്തിയിരുന്നു.

Content Highlights: PM Shri Always on the side of the children V sivankutty in deshabhimani article

To advertise here,contact us