രാജീവ് ചന്ദ്രശേഖര്‍ കോര്‍പ്പറേറ്റ് മുതലാളി; എംപിയായത് അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി: എംവി ഗോവിന്ദന്‍

'ബിജെപി നേതാക്കള്‍ക്ക് ഇയാളുടെ ഫൈവ് സ്റ്റാര്‍ രീതിയോട് ശക്തമായ എതിര്‍പ്പുണ്ട്'

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ തുറന്നടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാജീവ് ചന്ദ്രശേഖര്‍ പ്രധാന കോര്‍പ്പറേറ്റ് മുതലാളിയാണെന്നും അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് മുമ്പ് എംപിയായതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. എൻജിഒ യൂണിയൻ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കണ്ണൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അന്ന് ബിജെപിയിലൊന്നുമായിരുന്നില്ല. പിന്നീട് സ്വാധീനവും പണവും ഉപയോഗിച്ചാണ് മന്ത്രിയായത്. കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാക്കളും മുതലാളിമാരായിരുന്നില്ല. എന്നാല്‍ അതിന് മാറ്റം വരുത്തിയത് ബിജെപിയാണ്. ഭാര്യ പിതാവിനെ വഞ്ചിച്ചയാളാണ് രാജീവ് ചന്ദ്രശേഖര്‍. ഇതില്‍ ഒരക്ഷരം മിണ്ടാനില്ല. 500 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ബിജെപി നേതാക്കള്‍ക്ക് ഇയാളുടെ ഫൈവ് സ്റ്റാര്‍ രീതിയോട് ശക്തമായ എതിര്‍പ്പുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഭൂമി തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ കീഴില്‍ എസ്‌ഐടി അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

പിഎം ശ്രീയില്‍ ഇടഞ്ഞു നില്‍ക്കുന്ന സിപിഐക്കും എംവി ഗോവിന്ദന്‍ മറുപടി നല്‍കി. സര്‍ക്കാര്‍ അധികാരത്തിലുള്ളത് കൊണ്ട് സിപിഐഎം മുന്നോട്ട് വെച്ച എല്ലാ കാര്യങ്ങളും നടപ്പിലാക്കാന്‍ കഴിയില്ല. എന്നാല്‍ ജനങ്ങള്‍ക്ക് ആശ്വാസമാകാന്‍ കഴിയും. ഒരു ഭാഗത്ത് പരിമിതിയുണ്ട്, ഇത് ജനങ്ങള്‍ മനസിലാക്കണം. 1957-ലെ സര്‍ക്കാരിനെ നയിച്ച ഇഎംഎസ് മുതല്‍ ഇത് പറയുന്നുണ്ട്. അത് 2025ലും ബാധകമാണ്. ബാക്കി പറയേണ്ടി വരും, പിന്നീട് പറയാം. പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റേതര പ്രവര്‍ത്തനവും രണ്ടും രണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഗീയതയും ഇവിടെ നടപ്പിലാക്കില്ല. ഒന്നും കേരളത്തില്‍ അനുവദിക്കില്ല. നല്ല വ്യക്തതയോടെ തന്നെയാണ് ഇത് പറയുന്നത്. ഇത് പറയാന്‍ ചില സാഹചര്യം ഉണ്ടല്ലോയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: mv govindan against rajeev chandrasekhar

To advertise here,contact us