തിരുവനന്തപുരം: പിഎം ശ്രീ തർക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇടത് നയമാണ് രണ്ട് പാർട്ടികളും ഉയർത്തിപ്പിടിക്കുന്നത്. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, പിഎം ശ്രീയിൽ മറുപടി പറയാൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. ഉന്നത നേതാക്കൾ ചർച്ച ചെയ്ത് പരിഹരിക്കും. നാളെ എല്ലാ മന്ത്രിമാരും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പിഎം ശ്രീയില് നിലപാടില് ഉറച്ച് നില്ക്കാന് തന്നെയാണ് സിപിഐ തീരുമാനം. നവംബര് നാലിന് ചേരുന്ന സിപിഐ യോഗത്തില് തുടര് നടപടികള് സ്വീകരിക്കാനാണ് പാര്ട്ടിയുടെ തീരുമാനം. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില് നിന്നും സിപിഐ മന്ത്രിമാര് വിട്ടുനിന്നേക്കുമെന്നാണ് സൂചന. സിപിഐഎമ്മും മുഖ്യമന്ത്രിയും അനുനയിപ്പിക്കാന് ശ്രമിച്ചെങ്കിലും നിലപാടില് നിന്ന് വ്യതിചലിക്കാതെ നില്ക്കുകയാണ് സിപിഐ. മുഖ്യമന്ത്രിയുമായുള്ള ചര്ച്ചയ്ക്ക് ശേഷം സിപിഐ നേതാക്കളുമായി ബിനോയ് വിശ്വം ചര്ച്ച നടത്തിയിരുന്നു.
പിഎം ശ്രീയില് സിപിഐയുടെ നിലപാട് സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചതായി ജനറല് സെക്രട്ടറി ഡി രാജ പ്രതികരിച്ചിരുന്നു. ചര്ച്ചയില് ധാരണാ പത്രം പിന്വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും തുടക്കം മുതൽ സിപിഐ ഇതിനെ എതിര്ക്കുകയാണെന്നും പദ്ധതി അംഗീകരിക്കുന്നതിനുള്ള ഒരു സമ്മര്ദത്തിന് വഴങ്ങില്ലെന്നും ഡി രാജ വ്യക്തമാക്കി.
'സിപിഐഎമ്മിന്റെ തീരുമാനം എന്തുതന്നെ ആയാലും സിപിഐക്ക് ഒരു നിലപാടേയുള്ളു. പാര്ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില് ചര്ച്ച നടത്തി. പിഎം ശ്രീയിലെ എന്ഇപിയുടെ ഭാഗം അംഗീകരിക്കാനാവില്ല', ഡി രാജ പറഞ്ഞു. എല്ഡിഎഫ് സര്ക്കാര് സിപിഐയുടെ നിലപാട് മനസിലാക്കണമെന്നും ധാരണാപത്രം മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. മന്ത്രിസഭയില് നിന്ന് വിട്ടുനില്ക്കുന്ന കാര്യം പാര്ട്ടി ചര്ച്ച ചെയ്ത ശേഷം തീരുമാനിക്കും. തമിഴ്നാട് സര്ക്കാര് കോടതിയില് പോയല്ലോ. എന്തുകൊണ്ട് കേരളം പോയില്ല എന്നും അദ്ദേഹം ചോദിച്ചിരുന്നു.
Content Highlights: minister gr anil about pm shri project