പിഎം ശ്രീയില്‍ എംഎ ബേബിയുടെ ഇടപെടല്‍: പ്രശ്നം തീർക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച് സിപിഐ

കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് എം എ ബേബി ആവശ്യപ്പെട്ടതായാണ് വിവരം

തിരുവനന്തപുരം: പിഎം ശ്രീയില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഇടപെടല്‍. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും മന്ത്രി കെ രാജനെയും എം എ ബേബി വിളിച്ചു. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് എം എ ബേബി ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ഇന്ന് ചര്‍ച്ചകള്‍ നടക്കാത്തതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം എടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുളള തീരുമാനവുമായി സിപിഐ നേതാക്കള്‍ മുന്നോട്ടുപോകും. നാളെ രാവിലെ ചര്‍ച്ചകള്‍ നടക്കാനുളള സാധ്യതയും നേതൃത്വം കാണുന്നുണ്ട്.

പ്രശ്നം തീർക്കാൻ സിപിഐ ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്. പിഎം ശ്രീയിൽ നിന്ന് പിൻമാറാനുളള നടപടികൾ സർക്കാർ ആരംഭിച്ചാൽ സിപിഐ വഴങ്ങും. ധാരണാപത്രം മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്തയച്ചാൽ വിട്ടുവീഴ്ചക്ക് തയ്യാറാകാനാണ് നേതൃത്വത്തിറെ തീരുമാനം. കേന്ദ്രത്തിന് അയക്കുന്ന കത്ത് പ്രസിദ്ധീകരിക്കണമെന്ന ആവശ്യം സിപിഐഎമ്മിനു മുന്നിൽ വയ്ക്കും. അത് അംഗീകരിച്ചാൽ എൽഡിഎഫ് സമിതിയോടും മന്ത്രിസഭ ഉപസമിതിയോടും സഹകരിക്കും. നിർദേശം തുടർ ചർച്ചകളിൽ മുന്നോട്ട് വെക്കാനാണ് സിപിഐയുടെ തീരുമാനം.

പിഎം ശ്രീ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കേരളത്തിലാണെന്ന് എം എ ബേബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'കഴിഞ്ഞ ദിവസം സിപിഐ ജനറല്‍ സെക്രട്ടറി ഇവിടെ വന്നു. ഞങ്ങള്‍ സംസാരിച്ചു. രണ്ടുപേര്‍ക്കും ഇവിടെ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്. കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കണം. തീരുമാനമെടുക്കുന്നതിന് അഖിലേന്ത്യാതലത്തില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ അത് ചെയ്യും' എന്നായിരുന്നു എം എ ബേബി പറഞ്ഞത്. എന്നാല്‍, സിപിഐയെ അനുനയിപ്പിക്കാന്‍ തിരക്കിട്ട സമവായ നീക്കങ്ങള്‍ നടത്തുകയാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും. നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാരുടെ ബഹിഷ്‌കരണം ഒഴിവാക്കാനാണ് തിരക്കിട്ട സമവായ നീക്കം നടക്കുന്നത്.

പിഎം ശ്രീ തർക്കം ഭരണത്തെ ബാധിക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ ഇന്ന് വ്യക്തമാക്കിയിരുന്നു.  ഇടത് നയമാണ് രണ്ട് പാർട്ടികളും ഉയർത്തിപ്പിടിക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി സെക്രട്ടറി നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തീരുമാനം അക്ഷരംപ്രതി അനുസരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.  പിഎം ശ്രീയില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് സിപിഐ തീരുമാനം. നവംബര്‍ നാലിന് ചേരുന്ന സിപിഐ യോഗത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്നും സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നേക്കും.

Content Highlights: MA Baby's intervention in PM Shri: CPI unhappy with no discussion today

To advertise here,contact us