പാലക്കാട്: സ്പിരിറ്റ് കേസിൽ പ്രതിയായ ലോക്കൽ സെക്രട്ടറിയെ സിപിഐഎം പുറത്താക്കി. പാലക്കാട് പെരുമാട്ടി സിപിഐഎം ലോക്കൽ സെക്രട്ടറി ഹരിദാസിനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാകുംവിധം പ്രവർത്തിച്ചതിനുമാണ് നടപടിയെന്ന് ചിറ്റൂർ ഏരിയ സെക്രട്ടറി പറഞ്ഞു.
ഇന്നലെ രാത്രിയാണ് ചിറ്റൂർ കമ്പാലത്തറയിൽ നിന്നും 1,260 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. മീനാക്ഷിപുരം സർക്കാർ പതിയിൽ കണ്ണയ്യന്റെ വീട്ടിൽ വെച്ചാണ് സ്പിരിറ്റ് പിടിക്കൂടിയത്. തുടർന്ന് കണ്ണയ്യന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കണ്ണയ്യന്റെ മൊഴി പ്രകാരം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഹരിദാസനാണ് സ്പിരിറ്റ് എത്തിച്ചതെന്ന് വ്യക്തമായതോടെയാണ് പ്രതിചേർത്തത്. കേസിൽ ഒന്നാം പ്രതിയായ ഹരിദാസൻ ഒളിവിലാണ്. സംസ്ഥാനത്തുടനീളം കള്ള് വിതരണമുള്ള ആളാണ് ഹരിദാസൻ എന്ന് പൊലീസ് പറഞ്ഞു.
Content Highlights: Local secretary expelled from CPIM party for smuggling spirits at Palakkad