കൊച്ചിയിലെ തോക്കുചൂണ്ടി കവര്‍ച്ച: തട്ടിയെടുത്ത പണംകൊണ്ട് വാങ്ങിയ ഏലയ്ക്ക സ്റ്റീൽ കമ്പനി ഉടമയ്ക്ക് നൽകാൻ പൊലീസ്

ഏലം വിറ്റ് നഷ്ടപ്പെട്ട പണം ഈടാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍

കൊച്ചി: കുണ്ടന്നൂരില്‍ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ മുഖംമൂടി സംഘം തോക്കുചൂണ്ടി തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ ഏലയ്ക്ക കമ്പനി ഉടമയ്ക്ക് നല്‍കാനൊരുങ്ങി പൊലീസ്. നിലവില്‍ സ്റ്റേഷന്‍ വരാന്തയില്‍ ചാക്കില്‍കെട്ടി അട്ടിയിട്ട് വച്ചിരിക്കുന്ന ഏലം എന്തുചെയ്യണമെന്ന് നിര്‍ദേശിക്കാന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് മരട് പൊലീസ്. കോടതിയുടെ അനുമതി ലഭിച്ചാല്‍ ഈ ഏലം പൊലീസ് പണം നഷ്ടപ്പെട്ട സ്റ്റീല്‍ കമ്പനിയുടെ ഉടമയ്ക്ക് വിട്ടുനല്‍കും. ഏലം വിറ്റ് നഷ്ടപ്പെട്ട പണം ഈടാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

578 കിലോ വരുന്ന പത്ത് ചാക്ക് ഏലമാണ് മരട് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത്. സ്റ്റീല്‍ കമ്പനിയില്‍ നിന്ന് തട്ടിയെടുത്ത 81 ലക്ഷം രൂപയില്‍ 14 ലക്ഷം രൂപ കൊടുത്ത് പ്രതികള്‍ ഏലം വാങ്ങുകയായിരുന്നു. പ്രതികളെയും ചാക്കില്‍ കെട്ടിയ ഏലവും ഇടുക്കിയില്‍ നിന്ന് മരട് പൊലീസ് കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. കേസിലെ 12 പ്രതികളും അറസ്റ്റിലായി. പ്രതികള്‍ കവര്‍ന്ന 81 ലക്ഷത്തില്‍ 14 ലക്ഷം രൂപയുടെ ഏലവും 67 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

ഒക്ടോബര്‍ എട്ടിനാണ് കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാര്‍ നോട്ടുകെട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നതിനിടെയാണ് സംഘം സ്ഥാപനത്തിലെത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം കേസിലെ പ്രധാന പ്രതി ജോജി ഇടുക്കിയിലേക്കാണ് പോയത്. തുടര്‍ന്ന് 14 ലക്ഷം രൂപ കൊടുത്ത് ഏലം വാങ്ങി. പണം കയ്യില്‍ കരുതാതെ എവിടെയെങ്കിലും നിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഏലം വാങ്ങിയത്. കേസില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും കുറച്ച് രേഖകള്‍ കൂടി ലഭിച്ചാല്‍ അടുത്ത നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Content Highlights: Kochi Robbery: Police to give cardamom bought with stolen money to steel company owner

To advertise here,contact us