KPCC പുനഃസംഘടനയിൽ കോൺഗ്രസിൽ തർക്കം രൂക്ഷം; നേതൃത്വത്തിന് വഴങ്ങാതെ വി ഡി സതീശൻ, പരിപാടികൾ ബഹിഷ്കരിച്ചു

തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിൽ അവകാശവാദം ഉന്നയിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ്സിൽ തർക്കം രൂക്ഷം. കെപിസിസി പുനഃസംഘടനയിൽ നേതൃത്വത്തിന് വഴങ്ങാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവനന്തപുരം ഡിസിസി അധ്യക്ഷ പദവിയിൽ ചെമ്പഴന്തി അനിലിനെ നിയമിക്കണമെന്നാണ് വി ഡി സതീശന്റെ ആവശ്യം.

എന്നാൽ ഈ ആവശ്യം നേതൃത്വം അംഗീകരിച്ചിട്ടില്ല. ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. തർക്കം രൂക്ഷമായതോടെ കെപിസിസി പരിപാടികൾ ബഹിഷ്‌കരിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.

പുനഃസംഘടനയിൽ പരാതി പരിഹരിക്കാതെ നേതൃത്വവുമായി സഹകരിക്കില്ലെന്നാണ് സതീശൻ പറയുന്നത്. കെപിസിസി സെക്രട്ടറിമാരെയും ഡിസിസി അധ്യക്ഷന്മാരെയും എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഈ തീരുമാനമുണ്ടായില്ലെങ്കിൽ കെപിസിസിയുടെ പ്രധാനപരിപാടികളിലടക്കം സഹകരിക്കില്ലെന്നും സതീശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പുനഃസംഘടനയിൽ നിന്ന് വിശ്വസ്തരെ വെട്ടിയതിൽ കെ മുരളീധരനും അതൃപ്തി വ്യക്തമാക്കിയിരുന്നു.

ഭിന്നത കാരണം തദ്ദേശതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളടക്കം അവതാളത്തിലായി. വിഷയത്തിൽ അടിയന്തര ഇടപെടലിന് ഒരുങ്ങുകയാണ് ഹൈക്കമാന്റ്. പ്രശ്‌നപരിഹാര ചർച്ചകൾക്കായി ഇന്ന് ഡൽഹിയിൽ നിർണായക നേതൃയോഗങ്ങൾ ചേരും.

Content Highlights: dispute intensifies in the state Congress

To advertise here,contact us