തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി അഡ്വ. ഒ ജെ ജനീഷ് ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില് ഒ ജെ ജനീഷ് സംസ്ഥാന അദ്ധ്യക്ഷനായും ബിനു ചുള്ളിയില് വര്ക്കിംഗ് പ്രസിഡന്റായും ചുമതലയേറ്റു. കെപിസിസി അദ്ധ്യക്ഷന് അഡ്വ. സണ്ണി ജോസഫ് അടക്കമുള്ള നേതാക്കള് ചടങ്ങില് സന്നിഹിതരായിരുന്നു.
പ്രതീക്ഷിക്കാത്ത ഘട്ടത്തിലാണ് ഈ സ്ഥാനം ഏറ്റെടുത്തതെന്ന് ജനീഷ് പറഞ്ഞു. ഒരിക്കലും യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് ആകാന് കഴിയും എന്ന് കരുതിയിട്ടില്ല. ഇനി ഉള്ളത് ഭാരിച്ച ഉത്തരവാദിത്തങ്ങള് ആണ്. വളരെ പെട്ടന്ന് തന്നെ സര്ക്കാരിനെതിരായ സമര പരിപാടികള് ആലോചിക്കും. എല്ലാ രീതിയിലും പരാജയപ്പെട്ട സര്ക്കാര് ആണ് ഇവിടെ. ഭരണ തുടര്ച്ചക്ക് രാഷ്ട്രീയ പ്രസ്ഥാനത്തെ മലീനമാക്കാന് കഴിയും എന്നതിന്റെ ഉദാഹരണമാണ് പിണറായി സര്ക്കാരെന്നും ജനീഷ് പറഞ്ഞു.
ഇന്ന് കേരളം ഭരിക്കുന്ന സര്ക്കാര് മോദി സര്ക്കാരിന് വിധേയപെട്ടവരാണെന്ന് പിഎം ശ്രീ വിഷയത്തില് ജനീഷ് പറഞ്ഞു. അതിന്റെ ഉദാഹരണമാണ് പിഎം ശ്രീയില് ഒപ്പുവച്ചത. സര്ക്കാരിന് കാവിവല്കരണത്തിന് കുടപിടിക്കുന്ന നയം. ദേവസ്വം ബോര്ഡിന്റെ വിശ്വാസം തകര്ത്തവരായി സര്ക്കാര് മാറി. എല്ലാ അര്ത്ഥത്തിലും സര്ക്കാര് പരാജയമാണ്. സര്ക്കാര് തുടരാന് പാടില്ല എന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും ജനീഷ് പറഞ്ഞു.
സര്ക്കാരിനെതിരെ യൂത്ത് കോണ്ഗ്രസ് പോരാട്ടം തുടരും. പദവിയല്ല, പ്രവര്ത്തനമാണ് പ്രധാനം. തദ്ദേശ തിരഞ്ഞെടുപ്പില് യൂത്ത് കോണ്ഗ്രസിനെ പരിഗണിക്കണം. ജയസാധ്യതയുള്ള സീറ്റ് നല്കണം. 10 വര്ഷം മുന്കൂട്ടി കണ്ട് യുവാക്കളെ വളര്ത്തണമെന്നും കെപിസിസി നേതൃത്വത്തോട് അഭ്യര്ത്ഥിക്കുന്നുവെന്നും ജനീഷ് പറഞ്ഞു.
വയനാട് ദുരന്തബാധിതര്ക്കുള്ള യൂത്ത് കോണ്ഗ്രസ് വീടുകള് നിര്മ്മിച്ചു നല്കുക തന്നെ ചെയ്യും. അതില് സംശയം വേണ്ട. സമയബന്ധിതമായി നടപ്പാക്കും. വീട് വച്ചു നല്കണം എന്നത് യൂത്ത് കോണ്ഗ്രസ് കൂട്ടായി എടുത്ത തീരുമാനമാണെന്നും ജനീഷ് പറഞ്ഞു.
ഒരു കോണ്ഗ്രസ് നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വരും. അടുത്ത തെരഞ്ഞെടുപ്പില് ഭരണം നേടാന് സാധിക്കും. യൂത്ത് കോണ്ഗ്രസില് പൊട്ടിത്തെറി എന്നാണ് മാധ്യമങ്ങള് പറഞ്ഞത്. തന്റെ ഏറ്റവും വലിയ സന്തോഷം എല്ലാവരും ഈ യോഗത്തില് പങ്കെടുത്തു എന്നത് തന്നെയാണ്. ഒറ്റക്കെട്ടായി തന്നെ യൂത്ത് കോണ്ഗ്രസ് മുന്നോട്ടു പോകുമെന്നും ജനീഷ് പറഞ്ഞു.
യൂത്ത് കോണ്ഗ്രസിന്റെ പുതിയ അധ്യായത്തിന്റെ തുടക്കമാണെന്ന് യൂത്ത് കോണ്ഗ്രസ് മുന് സംസ്ഥാന വൈസ് പ്രസിഡന്റും ഇപ്പോള് ദേശീയ സെക്രട്ടറിയുമായ അബിന് വര്ക്കി. സംഘടന എന്നാല് നേതാക്കള് മാത്രമല്ല. അതിനു താഴെയും നിരവധി ആളുകള് ഉണ്ട്. ദേശീയ തലത്തില് പ്രവര്ത്തിക്കാന് നേതൃത്വം തനിക്ക് അവസരം നല്കി. രാഹുല് ഗാന്ധി ഉള്ളത് കൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നത്. ഇന്നലെകളില് എങ്ങനെ ആണോ അതുപോലെ ഇനിയും പ്രവര്ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സര്ക്കാരിന്റെ അനീതികളെ ചോദ്യം ചെയ്യാന് ഡിവൈഎഫ്ഐക്ക് കഴിയുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. സര്ക്കാര് വിലാസം സംഘടനയായി എസ്എഫ്ഐയും ഡിവൈഎഫ്ഐയും മാറി. സര്ക്കാരിനെതിരെ പോരാടുന്നത് യൂത്ത് കോണ്ഗ്രസാണ്. സര്ക്കാരിനെതിരായ കൂട്ടുപോരാട്ടമാണ് ഇപ്പോഴത്തെ നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം ലക്ഷ്യം വച്ചു പ്രവര്ത്തനം ശക്തിപ്പെടുത്താന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: youth congress state president OJ Janeesh makes first demand to KPCC