സംസ്ഥാനത്ത് മഴ കനക്കും; മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പ്; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് പല ഇടങ്ങളിലും ഇടി മിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കും. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് പല ഇടങ്ങളിലും ഇടി മിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്. മഴക്കൊപ്പം മഴക്കെടുതിയും രൂക്ഷമാണ്. അങ്കമാലി മുക്കന്നൂരിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി കോക്കന്‍ മിസ്ത്രി ആണ് മരിച്ചത്. കോഴിക്കോട് കണ്ണഞ്ചേരിയില്‍ മഴയത്ത് നിയന്ത്രണം വിട്ട് സ്വകാര്യബസ് മരത്തിലിടിച്ച് 10 യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു.

നാളെയും സംസ്ഥാനത്ത് മഴ തുടരും എന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ മുകളില്‍ രൂപപ്പെട്ട മൊൻ-ത ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് നാളെയോടെ ശക്തി പ്രാപിക്കും. വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കേരള കര്‍ണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. അതിനിടെ മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.

Content Highlights: Rain Alert in kerala orange alert in six districts

To advertise here,contact us