തൃശ്ശൂര്: ശക്തമായ മഴയെ തുടര്ന്ന് തൃശ്ശൂര് ജില്ലയില് നാളെ (28 ഒക്ടോബര്) പ്രൊഫഷണല് കോളേജ് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, എസിഎസ്ഇ, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്, മദ്രസകള്, ട്യൂഷന് സെന്ററുകള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും അവധി ബാധകമാണ്. റെസിഡന്ഷ്യല് സ്ഥാപനങ്ങള്ക്ക് അവധിയുണ്ടായിരിക്കില്ല. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റമുണ്ടായിരിക്കില്ല.
അതേസമയം ഇടുക്കിയിൽ മൂന്നാര് ഗ്യാപ്പ് റോഡ് വഴിയുള്ള രാത്രി യാത്രയ്ക്ക് ഇന്ന് നിരോധനം ഏർപ്പെടുത്തി. ജില്ലയില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. അടിമാലി ഗവണ്മെന്റ് ഹൈസ്കൂളിലെ എല്പി യുപി വിഭാഗങ്ങള്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ക്യാമ്പ് പ്രവര്ത്തിക്കുന്നതിനാലാണ് അവധി.
സംസ്ഥാനത്തെ ആറ് ജില്ലകളില് ഓറഞ്ച് അലേര്ട്ട് നിലവിലുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട്. ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 115.6 mm മുതല് 204.mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്ത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില് യെല്ലോ അലേര്ട്ടും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് പല ഇടങ്ങളിലും ഇടി മിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്. മഴക്കൊപ്പം മഴക്കെടുതിയും രൂക്ഷമാണ്. അങ്കമാലി മുക്കന്നൂരിലെ വര്ക്ക്ഷോപ്പില് ജോലി ചെയ്യുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വെസ്റ്റ് ബംഗാള് സ്വദേശി കോക്കന് മിസ്ത്രി ആണ് മരിച്ചത്. കോഴിക്കോട് കണ്ണഞ്ചേരിയില് മഴയത്ത് നിയന്ത്രണം വിട്ട് സ്വകാര്യബസ് മരത്തിലിടിച്ച് 10 യാത്രക്കാര്ക്ക് പരിക്കേറ്റിരുന്നു.
നാളെയും സംസ്ഥാനത്ത് മഴ തുടരും എന്നാണ് മുന്നറിയിപ്പ്. ബംഗാള് ഉള്ക്കടലില് മുകളില് രൂപപ്പെട്ട മൊൻ-ത ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് നാളെയോടെ ശക്തി പ്രാപിക്കും. വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് തീവ്ര ചുഴലിക്കാറ്റായി കരയില് പ്രവേശിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കേരള കര്ണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികള്ക്ക് ജാഗ്രത നിര്ദേശം നല്കിയിട്ടുണ്ട്. രണ്ട് ദിവസം മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. അതിനിടെ മൂഴിയാര് ഡാമില് ജലനിരപ്പ് ഉയര്ന്നതിന് പിന്നാലെ റെഡ് അലര്ട്ട് നല്കിയിരിക്കുകയാണ്.
Content Highlight; Heavy rain: Holiday declared for educational institutions in Thrissur tomorrow