

തിരുവനന്തപുരം: മൊന് ത ചുഴലിക്കാറ്റ് കരതൊടാനിരിക്കെ മൂന്ന് സംസ്ഥാനങ്ങളിലെ സ്കൂളുകള്ക്ക് സര്ക്കാരുകള് അവധി പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ സ്കൂളുകള്ക്കാണ് പ്രാദേശിക ഭരണകൂടങ്ങള് അവധി പ്രഖ്യാപിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലെയും തീരദേശ മേഖലകളിലുളള ജില്ലകളിലെ സ്കൂളുകള്ക്കും കോളേജുകള്ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമാണ് സര്ക്കാര് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മുന്കരുതല് നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സുരക്ഷാനടപടികളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളില് സ്കൂളുകള് ഉള്പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് സര്ക്കാര് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാക്കിനട, ഈസ്റ്റ് ഗോദാവരി, കൊനസീമ, എല്ലൂരു, വെസ്റ്റ് ഗോദാവരി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അധികൃതര് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര് 27 മുതല് 31 വരെയാണ് അവധി. ഒഡീഷയിലും തീരദേശ ജില്ലകളിലെ സ്കൂളുകള്ക്കും കോളേജുകള്ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും സര്ക്കാര് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അധ്യാപകരുടെയും വിദ്യാര്ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷാമുന്കരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചതെന്നും ദുരന്തനിവാരണ സംഘങ്ങളെ അപകടസാധ്യതയുളള മേഖലകളിലേക്ക് അയച്ചിട്ടുണ്ടെന്നും സര്ക്കാര് വ്യക്തമാക്കി. തമിഴ്നാട്ടില് ചെന്നൈ മെട്രോപോളിറ്റന് മേഖലയുടെ ഭാഗത്തുളള ജില്ലകളിലാണ് സ്കൂളുകള്ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലുമുളള സ്കൂളുകള്ക്കും കോളേജുകള്ക്കും പ്രാദേശിക ഭരണകൂടങ്ങളാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം, തെക്കുകിഴക്കന് ബംഗാള് ഉള്ക്കടലില് രൂപംകൊണ്ട 'മൊന് ത' ചുഴലിക്കാറ്റ് വേഗത്തില് ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്ച്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൊന് ത ചുഴലിക്കാറ്റ് കരതൊടുന്നതോടെ കിഴക്കന് തീരത്ത് അതിശക്തമായ മഴയും ശക്തമായ കാറ്റും കടല്ക്ഷോഭവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര് 26-ന് രൂപംകൊണ്ട ചുഴലിക്കാറ്റ് 28 ഓടെ കലിംഗപട്ടണത്തിനും മച്ചിലിപട്ടണത്തിനും ഇടയില് കാക്കിനടയ്ക്ക് സമീപമാണ് കരതൊടുക. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങളെ ചുഴലിക്കാറ്റ് ബാധിക്കാന് സാധ്യതയുണ്ട്. മൊന് ത കരതൊടാനിരിക്കെ ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്ക്ക് അതീവജാഗ്രതാ നിര്ദേശമാണ് നല്കിയിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലേക്കും ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്ക്ക് കടലില് പോകരുതെന്ന നിര്ദേശവും നല്കിയിട്ടുണ്ട്.
Content Highlights: Cyclone MonTha to make landfall tomorrow: Schools in three states to remain closed