കോട്ടയം: തിരുവാർപ്പിൽ കോൺഗ്രസ് പഞ്ചായത്തംഗം വോട്ടർ പട്ടികയിൽനിന്ന് പുറത്ത്. തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് അംഗവും കോൺഗ്രസ് ആർപ്പൂക്കര ബ്ലോക്ക് വൈസ് പ്രസിഡന്റുമായ സുമേഷ് കാഞ്ഞിരത്തിന്റെ പേരാണ് വോട്ടർ പട്ടികയിൽനിന്ന് നീക്കംചെയ്തത്. താമസസ്ഥലങ്ങൾ സംബന്ധിച്ച കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നീക്കം.
ഭാര്യയ്ക്കും സഹോദരിക്കും ഉടമസ്ഥാവകാശം ഉള്ള വേളൂർ ഭാഗത്തെ വീട്ടിലേക്ക് സുമേഷ് സ്ഥിരതാമസം മാറ്റി എന്ന് കാണിച്ച് എൽഡിഎഫ് പ്രവർത്തകർ തിരുവാർപ്പ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഗ്രാമപ്പഞ്ചായത്തിൽനിന്ന് കെട്ടിടനിർമാണ അനുവാദം വാങ്ങി ഇദ്ദേഹം പഴയവീട് പൊളിച്ച് പുതിയ വീടിന്റെ നിർമാണം നടത്തിവരുകയാണ്.
തന്റേതായി നിലവിലുള്ള എല്ലാ രേഖകളും സ്വന്തം വിലാസത്തിലാണെന്ന് സുമേഷ് പറയുന്നു. കാഞ്ഞിരം എസ്എൻഡിപി ഹയർസെക്കൻഡറി സ്കൂളിലെ ജീവനക്കാരനായ സുമേഷ്, എല്ലാ ദിവസവും വാർഡിൽത്തന്നെയുള്ള സ്കൂളിൽ ജോലിക്ക് എത്തുന്നതിന്റെ രേഖകളും ഇപ്പോൾ കാഞ്ഞിരത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതിന്റെ രേഖകളും, ഹിയറിങ് സമയത്ത് കാണിച്ചിരുന്നു. എന്നാൽ ഇതെല്ലാം കണ്ടിട്ടും പഞ്ചായത്ത് സെക്രട്ടറി വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കുകയായിരുന്നെന്ന് സുമേഷ് ആരോപിച്ചു.
എന്നാൽ വിശദപരിശോധനയ്ക്കുശേഷവും സിപിഐഎം അനുകൂല സർക്കാർ സർവീസ് സംഘടനയിൽ അംഗമായ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വോട്ടർ പട്ടികയിൽനിന്ന് സുമേഷിന്റെ പേര് നീക്കംചെയ്തതാണെന്ന് കോണ്ഗ്രസ് ആരോപിച്ചു. നടപടി രാഷ്ട്രീയപേരിതമാണെന്നും രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും കോൺഗ്രസ് തിരുവാർപ്പ് മണ്ഡലം പ്രസിഡന്റ് കെ സി മുരളീകൃഷ്ണൻ പറഞ്ഞു.
Content Highlights: Congress panchayath member in Thiruvarpu removed from voter list