പാലക്കാട്: വിഷം അകത്തുചെന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോര്ട്ടം ചെയ്യുംമുമ്പേ ബന്ധുക്കൾക്ക് വിട്ടുനൽകി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഗുരുതരമായ വീഴ്ച. പാലക്കാട് മുണ്ടൂർ സ്വദേശി സദാശിവന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് മുമ്പേ വീട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
അസ്വാഭാവികമരണത്തിൽ പോസ്റ്റ്മോര്ട്ടം പൂർത്തിയാക്കിയില്ലെന്ന് മനസ്സിലാക്കിയ ആശുപത്രി അധികൃതർ രാത്രിയിൽ പൊതുദർശനത്തിനിടെ മരിച്ചയാളുടെ വീട്ടിലെത്തി മൃതദേഹം ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ തിരികെയെത്തിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.സെപ്റ്റംബർ 25ന് വിഷം കഴിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച 62കാരൻ ഒരു മാസത്തിനുശേഷം ഞായറാഴ്ച വൈകീട്ടാണ് മരിച്ചത്. ബന്ധുക്കളെത്തി ആശുപത്രിയിലുണ്ടായിരുന്നവരുമായി സംസാരിച്ചു. തുടർന്ന് മൃതദേഹം കൊണ്ടുപോകാമെന്ന് അറിയിച്ചതോടെയാണ് നടപടി പൂർത്തിയാക്കി ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തിച്ചത്.
പോസ്റ്റ്മോര്ട്ടം പൂർത്തിയാക്കിയില്ലെന്നും അത് ചെയ്തില്ലെങ്കിൽ മരണ സർട്ടിഫിക്കറ്റ് നൽകില്ലെന്നും ആശുപത്രി അധികൃകതർ ബന്ധുക്കളെ അറിയിച്ചാണ് മൃതദേഹം തിരിച്ച് ആശുപത്രിയിലേക്ക് എത്തിച്ചത്. ആശുപത്രി ജീവനക്കാർക്കൊപ്പം പൊലീസും സ്ഥലത്തെത്തിയിരുന്നു. ജില്ലാ ആശുപത്രിയുടെ സ്വന്തം ചെലവിലാണ് ആംബുലൻസ് അയച്ചത്.
തുടർന്ന് ഇന്ന് രാവിലെ പോസ്റ്റ്മോര്ട്ടം പൂർത്തിയാക്കി മൃതദേഹം വീണ്ടും ബന്ധുക്കൾക്ക് വിട്ടുനൽകി. വീഴ്ച സംബന്ധിച്ച് ബന്ധപ്പെട്ട ഡോക്ടറിൽനിന്നും ജീവനക്കാരിൽനിന്നും വിശദീകരണം തേടുമെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും ജില്ലാ ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Content Highlights: body of the deceased person was handed over to his relatives before the autopsy was conducted at palakkad district hospital