അടിമാലി മണ്ണിടിച്ചില്‍; സന്ധ്യയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി, അടുത്ത 72 മണിക്കൂര്‍ അതിനിര്‍ണായകം

ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ

ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എട്ട് മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടത്. അപകടത്തില്‍ സന്ധ്യയുടെ ഇടതുകാലിനായിരുന്നു ഗുരുതരമായി പരിക്കേറ്റത്. ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

കാലിലേക്കുള്ള രക്തയോട്ടം പുനസ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ഇനിയുള്ള 72 മണിക്കൂര്‍ അതിനിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പുലര്‍ച്ചെ 5.16ഓടെയായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി സന്ധ്യയെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ സന്ധ്യയുടെ ഇടത് കാലിന് പള്‍സ് ഇല്ലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിഞ്ഞ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മണ്ണിടിച്ചിലില്‍ നെടുമ്പള്ളിക്കുടിയില്‍ ബിജു(45)വിന് ജീവന്‍ നഷ്ടമായി. സംഭവം നടക്കുമ്പോള്‍ ബിജുവും ഭാര്യ സന്ധ്യയും വീട്ടിനുള്ളിലായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇരുവരെയും പുറത്തെടുത്തത്.

എന്നാല്‍ ബിജുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനായിരുന്ന ബിജുവിന്റെ ഇളയ മകന്‍ ആദര്‍ശ് കഴിഞ്ഞ വര്‍ഷമാണ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചത്. മകള്‍ കോട്ടയത്തെ കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. സന്ധ്യയ്ക്ക് മില്‍മ സൊസൈറ്റിയിലായിരുന്നു ജോലി.

Content Highlights: surgery of Sandhya who was injured in the landslide in Adimali is completed

To advertise here,contact us