തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖറിനെതിരെ കുംഭകോണ പരാതി ഉയര്ന്നതിന് പിന്നാലെ വീണ്ടും ഉന്നംവെച്ച് കെപിസിസി ജനറല് സെക്രട്ടറി സന്ദീപ് വാര്യര്. സംഭവം പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പരിഹസിച്ച് സന്ദീപ് രംഗത്തെത്തിയിരുന്നു. ഇപ്പോള് വീണ്ടും ഫേസ്ബുക്കിലൂടെ തന്നെ രാജീവ് ചന്ദ്രശേഖറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്.
വിഷയം ചര്ച്ചയായതിന് പിന്നാലെ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില് ചര്ച്ചകള് നടന്നിരുന്നു. മാരാര്ജി ഭവന് മുന്നില് കാത്ത് നിന്ന മാധ്യമങ്ങള് 'മുതലാള്ജി'യെ വെറുതെ വിടണമെന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. 'പ്രിയപ്പെട്ട മാധ്യമപ്രവര്ത്തകരെ, നിങ്ങള്ക്ക് കണ്ണില് ചോരയില്ലേ? നിങ്ങള് മാരാര്ജി ഭവന്റെ പുറത്ത് കാത്തുനില്ക്കുന്നത് കാരണം മുതലാള്ജിക്ക് പുറത്തിറങ്ങാന് കഴിയുന്നില്ല. മീഡിയ കോർഡിനേറ്റര് വിളിച്ച് കാലുപിടിച്ച് കെഞ്ചിയിട്ടും നിങ്ങള് പിരിഞ്ഞു പോകാത്തത് കഷ്ടമാണ്. പ്ലീസ് പിരിഞ്ഞുപോകൂ. ഞങ്ങളുടെ മുതലാള്ജി പാവമാണ്', സന്ദീപ് വാര്യര് ഫേസ്ബുക്കില് കുറിച്ചത്. രാജീവ് ചന്ദ്രശേഖറിനെതിരായ പരാതിയുടെ വിവരങ്ങള് പുറത്തുവന്നതിന് പിന്നാലെ 'മുതലാളി മാരാര്ജി ഭവന് വിറ്റ് ഒരു പോക്ക് പോകും' എന്നായിരുന്നു സന്ദീപ് വാര്യര് പ്രതികരിച്ചത്.
ഡല്ഹി ഹൈക്കോടതി അഭിഭാഷകനായ കെ എന് ജഗദേഷ് കുമാറാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാജീവ് ചന്ദ്രശേഖറിന് പുറമേ ഭാര്യ അഞ്ജലി ചന്ദ്രശേഖര്, ഭാര്യാ പിതാവ് അജിത് ഗോപാല് നമ്പ്യാര്ക്കുമെതിരെയാണ് പരാതി. ബിസിനസിനും ഫാക്ടറികള്ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്ണാടക ഇന്ഡസ്ട്രിയല് ഏരിയ ഡവലപ്മെന്റ് ബോര്ഡ്)യില് നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി. 1994ല്രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്ക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരന് ഉന്നയിച്ചത്. ബിപിഎല് ഫാക്ടറിക്ക് വേണ്ടിയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും പിതാവും ഭൂമി വാങ്ങിയതെന്ന് പരാതിക്കാരനായ ജഗദേഷ് കുമാര് റിപ്പോര്ട്ടറിനോട് പറഞ്ഞിരുന്നു. ഭാര്യയും ഭാര്യപിതാവും ഇതിന്റെ ഡയറക്ടര്മാരാണ്. കെഐഎഡിബി കരാര് പ്രകാരം മൂന്ന് മാസത്തിനകം പ്ലാന് നല്കുമെന്നും പ്രവര്ത്തനങ്ങള് തുടങ്ങുമെന്നും പറഞ്ഞു. എന്നാല് 14 വര്ഷങ്ങള്ക്ക് ശേഷവും അതിലൊരു ഇഷ്ടിക പോലും അവര് വെച്ചിട്ടില്ല. പദ്ധതി പ്രകാരം അവര് ആറ് കോടി നിക്ഷേപം നടത്തി. 2009ല് ഇത് മാരുതി കമ്പനി അടക്കമുള്ള വന്കിട കമ്പനികള്ക്ക് മറിച്ചു വിറ്റുവെന്നും ജഗദേഷ് കുമാര് പറഞ്ഞിരുന്നു.
Content Highlights- Sandeep Varier again against Rajeev chandrasekhar over karnataka scam