അടിമാലി മണ്ണിടിച്ചിൽ: 'ബിജുവിന്റെ കുടുംബത്തോടൊപ്പം സർക്കാരുണ്ടാകും, പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നു'

പഠനത്തിന്റെ പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി

ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്നും പ്രദേശവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

റോഡ് നിർമാണത്തിൽ അപകടസാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്താൻ പരിശോധന നടത്തുമെന്നും

റിപ്പോർട്ട്‌ ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് എൻഎച്ച്എഐ ക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.

'രാവിലെ ആറ് മണി വരെ എല്ലാവരും അവിടെയുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. എല്ലാവരുടെയും കൂട്ടായ രക്ഷാപ്രവര്‍ത്തനത്തിലാണ് ഒരാളെ രക്ഷിക്കാനായത്. വിശദമായ പരിശോധന നടത്തേണ്ടതുണ്ട്. ഇനിയും ഇത്തരം അപകടങ്ങള്‍ ഇല്ലാതിരിക്കാനുള്ള കാര്യങ്ങള്‍ നോക്കും. ദേശീയ പാത നിര്‍മാണം നടത്തുമ്പോള്‍ ഉണ്ടാകുന്ന വിഷയങ്ങളെ കുറിച്ച് പഠനം നടത്താന്‍ എല്ലാ വകുപ്പുകളുടെയും സഹായത്തോടെ ഒരു സംഘത്തെ നിയോഗിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യമായ നിര്‍ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഠനത്തിന്റെ പശ്ചാത്തലത്തില്‍ നടപടി സ്വീകരിക്കും. എന്‍എച്ച്എഐയുമായി വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ജാഗ്രത പുലര്‍ത്തും', അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അടിമാലി കൂമ്പന്‍പാറയില്‍ മണ്ണിടിഞ്ഞത്. അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ 3.27ഓടെ സന്ധ്യയെയും ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 4.50ഓടെ ബിജുവിനെയും പുറത്തെത്തിച്ചു. അപ്പോഴേക്കും ബിജുവിന്റെ ജീവന്‍ നഷ്ടമായിരുന്നു. ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട സന്ധ്യയെ ആദ്യം സമീപത്തുള്ള ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും വിദഗ്ദ ചികിത്സയ്‌ക്കെത്തിച്ചു. സന്ധ്യയുടെ കാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട്. കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സന്ധ്യയെ നിലവില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

സ്ഥലത്ത് നേരത്തെ തന്നെ മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്നത് കൊണ്ട് 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ ബിജുവിനെയും സന്ധ്യയെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. എന്നാല്‍ ക്യാമ്പില്‍ പോകാതെ തൊട്ടടുത്തുള്ള തറവാട്ടിലേക്കായിരുന്നു ഇരുവരും മാറി താമസിച്ചത്. ഇന്നലെ ഭക്ഷണം കഴിക്കുന്നതിനായി തറവാട്ടില്‍ നിന്നും എത്തിപ്പോഴായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്. ഇരുവരും വീട്ടിലെത്തി 20 മിനിറ്റിനുള്ളില്‍ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു.

നിലവില്‍ ആശങ്കയിലാണ് കൂമ്പന്‍പാറയിലെ നാട്ടുകാര്‍. ദേശീയപാത നിര്‍മാണം മൂലം മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും അശാസ്ത്രീയ മണ്ണെടുപ്പാണ് നടക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. ദേശീയപാത 85ന്റെ പണി നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. മൂന്നാറിലേക്കുള്ള പ്രധാന പാതയിലാണ് അപകടം നടന്നത്.

Content Highlights: Roshy Augustine reaction on Adimali Landslide

To advertise here,contact us