'അപ്പോൾ കേരളത്തിൽ അധ്യക്ഷന്റെ ഒളിവ് ജീവിതം ആയിരുന്നല്ലേ'; ഭൂമി കുംഭകോണത്തിൽ രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനം

സമ്പന്നർക്ക് വിലകൊടുത്ത് വാങ്ങാവുന്നതായി കേരളത്തിലെ ബിജെപിയുടെ അധ്യക്ഷ പദവി മാറിയെന്നത് വ്യക്തമായെന്ന് എ എ റഹീം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരായ കർണാടകയിലെ ഭൂമി കുംഭകോണ പരാതിയിൽ പ്രതികരണവുമായി നേതാക്കൾ. ഹൈക്കോടതി നിരീക്ഷണത്തിൽ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. പരാതി ഗൗരവമുള്ളതാണെന്നും നാട്ടിൽ കേട്ടുകേൾവിയില്ലാത്ത തട്ടിപ്പാണ് നടന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഭൂമി വിൽപനയ്ക്ക് അനുമതി നൽകിയത് ബിജെപി സർക്കാരാണ്. സഹായം നൽകിയ മന്ത്രിയും മകനും അഴിമതികേസിൽ ജയിലിലാണ്. തട്ടിപ്പിലൂടെ കോടികളാണ് സംഭരിച്ചത്. ഭൂമി വിറ്റത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. ബിജെപി നേതാക്കൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ഇക്കാര്യത്തിൽ രാജീവ് ചന്ദ്രശേഖർ ഇനിയൊന്നും പറയേണ്ടതില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിനെതിരെ ഉയർന്ന പരാതി ഗൗരവമുള്ളതാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. അധികൃതർ കൃത്യമായി ഇടപെട്ട് നടപടി സ്വീകരിക്കണം. നിയമപരമായ നടപടി വേണമെന്നും ഡി രാജ പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ചാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയത്. 'അപ്പോൾ കേരളത്തിൽ അധ്യക്ഷന്റെ ഒളിവ് ജീവിതം ആയിരുന്നല്ലേ' എന്നാണ് വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്. 'മുതലാളി മാരാർജി ഭവൻ കൂടി വിറ്റ് ഒരു പോക്ക് പോകും' എന്നാണ് സന്ദീപ് വാര്യരുടെ പരിഹാസം.

ഗുരുതരമായ ആരോപണങ്ങളാണ് രാജീവ് ചന്ദ്രശേഖറിനെതിരെ പുറത്തുവന്നതെന്ന് എ എ റഹീം എംപി പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖർ പൊതുജനങ്ങൾക്ക് മുൻപിൽ യുക്തിസഹമായ വിശദീകരണം നൽകണം. കർണാടക സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. കർണാടകയിൽ ഇപ്പോൾ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ ഈ വിഷയത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും എ എ റഹീം പറഞ്ഞു.

'കേരളത്തിലെ ബിജെപി പൂർണമായും ഇതിന് മറുപടി പറയണം. ബിജെപി പ്രതിക്കൂട്ടിലാകുന്ന വിഷയമാണിത്. രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ, വ്യാവസായിക വളർച്ചകളിൽ ദുരൂഹതയുണ്ട്. പണത്തിന്റെയും അതിസമ്പന്നരുടെയും പാർട്ടിയായി കേരളത്തിലെയും ഇന്ത്യയിലെയും ബിജെപി മാറി. സമ്പന്നർക്ക് വിലകൊടുത്ത് വാങ്ങാവുന്ന ഒരിടമായി കേരളത്തിലെ ബിജെപിയുടെ അധ്യക്ഷ പദവി മാറിയെന്ന് ഇതിൽനിന്ന് വ്യക്തമാണ്. കേരളത്തിലെ ബിജെപിയ്ക്ക് മുഖം നഷ്ടമായിരിക്കയാണ്' എന്നും എ എ റഹീം വ്യക്തമാക്കി.

കര്‍ണാടക ഭൂമി കുംഭകോണത്തില്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാല്‍ നമ്പ്യാര്‍ക്കുമെതിരെയാണ് പരാതി. ബിസിനസിനും ഫാക്ടറികള്‍ക്കും മറ്റും സഹായിക്കുന്ന കെഐഎഡിബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡവലപ്‌മെന്റ് ബോര്‍ഡ്)യില്‍ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി. 1994ല്‍രാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് കെഐഎഡിബി വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികള്‍ക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്. ഡല്‍ഹി ഹൈക്കോടതി അഭിഭാഷകന്‍ കെ എന്‍ ജഗദേഷ് കുമാറാണ് പരാതിക്കാരൻ.

Content Highlights: political leaders reaction on karnataka scam complaint against rajeev chandrasekhar

To advertise here,contact us