പിഎം ശ്രീയിൽ ഒപ്പുവെച്ചത് SSK ഫണ്ടിനായി, പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും സംസ്ഥാനത്ത് നടപ്പാക്കില്ല: ശിവൻകുട്ടി

പദ്ധതിയിൽ നിലവിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഒരു കാരണവശാലും ഇതുമായി മുന്നോട്ടുപോകില്ലെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രത്തിൽനിന്നും സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. പദ്ധതിയിൽ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. അതിനെ കുറിച്ച് കൂടുതൽ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നമുക്ക് ശരിയല്ലെന്ന് തോന്നുന്ന കേന്ദ്രസർക്കാരിന്റെ ഏത് പദ്ധതികളെയും നാം എതിർക്കും. പിഎം ശ്രീ പദ്ധതി കേരളത്തിലെ സ്‌കൂളുകൾക്ക് അനിവാര്യമായ സംഗതിയല്ല. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണിത്. ഫണ്ട് ലഭിച്ചില്ലെങ്കിൽ ബുദ്ധിമുട്ടിലാകും. വിദ്യാർത്ഥികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പട്ടികജാതിയിൽ പെട്ടവർക്കും അർഹമായ 1500കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവർക്ക് അർഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

പദ്ധതി നടപ്പാക്കിയാലും പാഠപുസ്തകം ഇറക്കുന്നതിനുള്ള അധികാരം എസ്‌സിഇആർടിക്കാണ്. അത് എൻഇപിയിൽ പറയുന്നുണ്ട്. കേന്ദ്രത്തിന്റെ തെറ്റായ സിലബസ് ഇവിടെ നടപ്പാക്കില്ല. ഒപ്പുവെക്കുന്നതിന് മുൻപ് നിയമോപദേശം തേടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്ന് മെമ്മോറാണ്ടത്തിൽ പറയുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നത്. കേരളത്തിൽ ആർഎസ്എസ് നേതാക്കളെ കുറിച്ച് പഠിപ്പിക്കില്ല. അത് കെ സുരേന്ദ്രന്റെ സ്വപ്‌നം മാത്രമാണെന്നും ശിവൻകുട്ടി പറഞ്ഞു.

പദ്ധതിയിൽ നിലവിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഒരു കാരണവശാലും ഇതുമായി മുന്നോട്ടുപോകില്ല. സിപിഐയുമായുള്ള പ്രശ്‌നം നേതാക്കൾ പരിഹരിക്കും. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ലെന്ന് ശിവൻകുട്ടി പറഞ്ഞു.

Content Highlights: PM Shri project will not be implemented in kerala V Sivankutty

To advertise here,contact us