ശബരിമലയിലെ വാതിൽപ്പാളികളിൽ പൂശിയത് താൻ സ്‌പോണ്‍സര്‍ ചെയ്ത സ്വർണം; ഗോവർധന്റെ മൊഴിയിലെ വിവരങ്ങൾ പുറത്ത്

ഔദ്യോഗിക രേഖകള്‍ പുറത്തുവന്നതോടെ സ്‌പോണ്‍സറുടെ പേരിന്റെ സ്ഥാനത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നായി

തിരുവനന്തപുരം: ശബരിമലയിലെ വാതില്‍പ്പാളികളില്‍ പൂശിയത് താന്‍ സ്‌പോണ്‍സര്‍ ചെയ്ത സ്വര്‍ണമെന്ന് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ മൊഴി. സ്‌പോണ്‍സര്‍ഷിപ്പിന്റെ രേഖകള്‍ ദേവസ്വം ബോര്‍ഡിന് നല്‍കുന്നതിനൊപ്പം സന്നിധാനത്തെത്തി ബോര്‍ഡ് അംഗങ്ങളെയും കണ്ടതായാണ് ഗോവര്‍ധന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

എന്നാല്‍ ഔദ്യോഗിക രേഖകള്‍ പുറത്തുവന്നതോടെ സ്‌പോണ്‍സറുടെ പേരിന്റെ സ്ഥാനത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നായി. സ്വര്‍ണം പൂശാനുള്ളത് നിയോഗമായി കരുതിയതിനാല്‍ കാര്യമാക്കിയില്ലെന്നും ഗോവര്‍ധന്‍ എസ്‌ഐടിക്ക് മൊഴി നല്‍കി. ഗോവര്‍ധനെ കേസില്‍ സാക്ഷിയാക്കുന്നതിനായി എസ്‌ഐടി നിയമോപദേശം തേടും.

ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനായിരുന്നു വിറ്റത്. ഇത് ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞില്ലെന്നാണ് ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. 2020 ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് സ്വര്‍ണം വിറ്റതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത്. ഇതില്‍ 400 ഗ്രാമില്‍ അധികം സ്വര്‍ണം ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നും കഴിഞ്ഞദിവസം എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി നാണയങ്ങളുടെ രൂപത്തില്‍ നല്‍കിയ സ്വര്‍ണം സ്വര്‍ണക്കട്ടികളാക്കി മാറ്റുകയായിരുന്നു. കട്ടിയുടെ രൂപത്തിലാണ് സംഘം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ പൊതുമുതല്‍ മോഷ്ടിച്ചുവിറ്റെന്ന കുറ്റവും ചുമത്തും. പോറ്റിയുടെ വീട്ടില്‍ നിന്നും സ്വര്‍ണനാണയങ്ങളും കണ്ടെടുത്തിരുന്നു. ഇത് മോഷണമുതലാണോ എന്നതില്‍ എസ്ഐടി പരിശോധിക്കും.

Content Highlights: Gold that he sponsored was used to cover the doors at Sabarimala said govardhan

To advertise here,contact us