തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നു. അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കൂടിയാലോചനകൾ നടത്തുന്നില്ല, സ്വന്തം നിലയിൽ കാര്യങ്ങൾ തീരുമാനിക്കുന്നു എന്നീ ആരോപണങ്ങളാണ് ഉയരുന്നത്. മുൻ അധ്യക്ഷന്മാരായ കെ സുരേന്ദ്രനും വി മുരളീധരനും കടുത്ത അതൃപ്തിയിലാണ്. അവഗണിക്കുകയാണെന്നും യോഗങ്ങളിലേക്ക് വിളിക്കുന്നില്ലെന്നും ഇരുവർക്കും പരാതിയുണ്ട്.
രാജീവ് ചന്ദ്രശേഖരൻ അധ്യക്ഷനായി പുതിയ നേതൃത്വം ചുമതലയേറ്റെടുത്തതു മുതൽ, തങ്ങളെ മാറ്റിനിർത്തുന്നുവെന്ന കാരണത്താൽ വി മുരളീധരൻ പക്ഷത്തിന് കടുത്ത അസംതൃപിയുണ്ടായിരുന്നു. മുതിർന്ന നേതാക്കളെയൊന്നും യോഗങ്ങളിലേക്ക് വിളിക്കുന്നില്ലെന്ന ആരോപണം പലവട്ടം കോർകമ്മിറ്റിയിലടക്കം ഉയർന്നിരുന്നു. ഏറ്റവും ഒടുവിൽ ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണത്തിന്റെ സംസ്ഥാന യോഗത്തിൽപോലും വി മുരളീധരനെയും കെ സുരേന്ദ്രനെയും വിളിച്ചില്ലെന്നാണ് പരാതി. അതിന് തൊട്ടുപിന്നാലെ നടന്ന ബിജെപിയുടെ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിലെ ഇരുവരുടെയും അസാന്നിധ്യം ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സംസ്ഥാന കമ്മിറ്റിയിലടക്കം പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നത്. എന്നാൽ ആരോപണങ്ങളും വിമർശനങ്ങളും കടുക്കുമ്പോഴും സമവായ നീക്കത്തിന് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായിട്ടില്ല.
സംഘടന പ്രവർത്തനത്തിൽ പരിചയ സമ്പത്തില്ലാത്തതാണ് രാജീവ് ചന്ദ്രശേഖറിന് വലിയ തിരിച്ചടിയാകുന്നത് എന്നടക്കമുള്ള വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ പാർട്ടിയുടെ രഹസ്യ വിവരങ്ങളടക്കം വി മുരളീധര പക്ഷം ചോർത്തുന്നുവെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ഈ വിഷയത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസിലെ പ്രധാനപ്പെട്ട ചുമതലകളിലുള്ള പലരും സംശയമുനയിലാണ്. രാജീവ് ചന്ദ്രശേഖറിനെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ.
Content Highlights: clash in kerala bjp, K Surendran and V Muraleedharan against Rajeev Chandrasekhar