തൃശൂർ: കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ വേണ്ടിയാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന ആവശ്യമുന്നയിച്ചതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ പുതൂർക്കരയിൽ 'എസ്ജി കോഫി ടൈംസ്' എന്ന സംവാദ പരിപാടിയിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇക്കാര്യത്തിൽ താൻ കാണുന്നത്. എയിംസ് തൃശൂരിൽ വരുമെന്ന് താനെരിക്കലും പറഞ്ഞിട്ടില്ല. തൃശൂരിൽനിന്നും എംപിയാകുന്നതിന് മുൻപുതന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്നായിരുന്നു താൻ പറഞ്ഞത്. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ് ഒരിക്കലും വാക്കുമാറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സുരേഷ് ഗോപി പറയുകയുണ്ടായി. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് തുരങ്കം വച്ചു. കളക്ടറുടെ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുകയാണിപ്പോൾ. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയർ എം എം വർഗീസ് അല്ല. അദ്ദേഹം എന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ തനിക്കറിയാം. കോർപ്പറേഷനും കോർപ്പറേഷൻ ഇരിക്കുന്ന തൃശൂർ നിയമസഭാ സീറ്റും ബിജെപിക്ക് തരണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് വരുമെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടു. ഇത് നിലവിൽ വരുന്നതോടെ എല്ലാവർക്കും തുല്യതയും ന്യായവും നടപ്പിലാക്കും. യൂണിഫോം സിവിൽ കോഡ് എന്തായാലും വരുമെന്ന് നേരത്തെ തന്നെ അമിത്ഷാ പറഞ്ഞിട്ടുണ്ട്.മത പ്രീണനത്തിന് തന്റെ ബിജെപി സർക്കാർ എതിരാണ്. പ്രീണനം ചെയ്യുന്നവർക്ക് അത് തിരുത്തേണ്ടി വരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പ്രജ പ്രയോഗത്തിലെ വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. രാഷ്ട്രീയം പറഞ്ഞത് വിവാദമാക്കാൻ കൂലി എഴുത്തുകാരെ നിയോഗിച്ചു. അതിലൊന്നും ഭയമില്ല. 50 വർഷമായി നടക്കാത്ത കാര്യങ്ങളടക്കം തന്റെ സംവാദ പരിപാടിയിൽ ചർച്ച ചെയ്തു. എന്നാൽ പ്രജ എന്നെല്ലാമുള്ള വാക്കുകളാണ് എടുത്തുകാണിക്കുന്നത്. എല്ലാം ജനം തിരിച്ചറിയുന്നുണ്ട്. രാജ്യത്തെ പ്രജകളാണ് രാജാക്കന്മാർ. പ്രജകളുടെ ക്ഷേമമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
മെട്രോ ട്രെയിൻ സർവീസ് തൃശൂരിലേക്ക് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നെടുമ്പാശേരി അങ്കമാലി വരെ മെട്രോ പാത എത്തിയ ശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Content Highlights: central minister Suresh Gopi reacts on AIIMS issue