തിരുവനന്തപുരം: പിഎം ശ്രീയില് ഇടഞ്ഞുനില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാനുള്ള നീക്കം സജീവമാക്കി സിപിഐഎം. മന്ത്രി വി ശിവന്കുട്ടി സിപിഐ ആസ്ഥാനമായ എംഎന് സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച്ച നടത്തി. പിഎം ശ്രീ പദ്ധതിയില് ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിച്ച് സിപിഐയെ അനുനയിപ്പിക്കാനായിരുന്നു നീക്കം. പ്രതിഷേധത്തില് നിന്നും പിന്മാറാനും ആവശ്യപ്പെട്ടുവെന്നാണ് വിവരം. അനുനയത്തിനായി പാർട്ടി വകുപ്പ് മന്ത്രിയെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
എന്നാല് കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന് മന്ത്രി തയ്യാറായില്ല. എല്ലാ പ്രശ്നങ്ങളും തീരും എന്ന് മാത്രമാണ് മന്ത്രി പറഞ്ഞ്. ചര്ച്ചയുടെ വിശദാംശങ്ങള് വെളിപ്പെടുത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. എംഎന് സ്മാരകത്തില് കൂടിക്കാഴ്ച്ചയ്ക്കെത്തിയപ്പോഴും മാധ്യമങ്ങളോട് പ്രതികരിക്കാന് മന്ത്രി വി ശിവന്കുട്ടി തയ്യാറായിരുന്നില്ല. മന്ത്രി ജി ആര് അനിലും കൂടിക്കാഴ്ചയില് പങ്കെടുത്തിരുന്നു.
നിലപാടില് നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിപിഐ. ഒപ്പിട്ട ധാരണാപത്രം പിന്വലിക്കണമെന്നാണ് മുതിര്ന്ന സിപിഐ നേതാവ് പ്രകാശ് ബാബു ഇന്ന് രാവിലെ പ്രതികരിച്ചത്. സിപിഐ മുഖപത്രം ജനയുഗത്തിലും വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമര്ശനം ഉയര്ത്തിയിരുന്നു. ബംഗാളിലെ വീഴ്ച ആവര്ത്തിക്കരുതെന്നാണ് സിപിഐ കേന്ദ്രസെക്രട്ടറിയേറ്റിന്റെ മുന്നറിയിപ്പ്. സിപിഐയുടെ ആശങ്ക സിപിഐഎം പരിഗണിച്ചേ മതിയാകൂവെന്നാണ് മന്ത്രി ചിഞ്ചുറാണിയുടെ വാക്കുകള്.
ഇതെന്തൊരു സര്ക്കാരെന്ന് ചോദിച്ചായിരുന്നു മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയെ കഴിഞ്ഞ ദിവസം ബിനോയ് വിശ്വം വിമര്ശിച്ചത്. എല്ഡിഎഫ് ഈ രീതിയില് മുന്നോട്ട് പോവുകയാണെങ്കില് അപ്പോള് കാണാമെന്ന വെല്ലുവിളിയും ബിനോയ് വിശ്വം നടത്തിയിരുന്നു. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തുടര്നീക്കങ്ങള് എങ്ങനെ വേണമെന്ന് തീരുമാനിക്കും.
Content Highlights: V Sivankutty Meet Binoy Viswam over PM Shri Controversy