പിഎം ശ്രീ; മതേതരത്വത്തെ പിണറായി സര്‍ക്കാര്‍ തൂക്കി വിറ്റു: പി വി അന്‍വര്‍

പിണറായിയുടെ വ്യക്തപരമായ ആവശ്യത്തിനാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നും അന്‍വര്‍

മലപ്പുറം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുന്‍ എംഎല്‍എയും ടിഎംസി നേതാവുമായ പി വി അന്‍വര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ബന്ധത്തിലാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്ന് എംഎല്‍എ പറഞ്ഞത്. ദേശീയ വിദ്യാഭ്യാസ നയത്തിന് (എന്‍ഇപി) എന്താണ് കുഴപ്പം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ചോദിക്കുന്നതെന്നും കുഴപ്പം ഉണ്ട് എന്ന് പറഞ്ഞത് ഇവര്‍ തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു.

'മുമ്പ് ഞങ്ങള്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഇപ്പോള്‍ ശരിയായി മാറി. ബഡ്ജറ്റിന്റെ ഒരു ശതമാനം പോലും വരാത്ത പണം നേടാനാണോ ഒപ്പിട്ടത്. മതേതരത്വത്തെ പിണറായി സര്‍ക്കാര്‍ തൂക്കി വിറ്റു. പിണറായിയുടെ വ്യക്തപരമായ ആവശ്യത്തിനാണിത്', പി വി അന്‍വര്‍ പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സത്കാരം സ്വീകരിക്കാനാണ് പിണറായി വസതിയില്‍ പോയതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പിണറായി ബന്ധം അടിവരയിടുന്നതാണ് പിഎം ശ്രീയിലിട്ട ഒപ്പെന്നും പി വി അന്‍വര്‍ പറഞ്ഞു.

അതേസമയം പിഎം ശ്രീയെ ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള്‍ തുടരുകയാണ്. ഈ മാസം 16നാണ് പിഎം ശ്രീയില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പക്ഷേ, 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീയില്‍ സിപിഐ മന്ത്രി കെ രാജന്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ധാരണാപത്രത്തില്‍ ഒപ്പുവെച്ച വിവരം അറിയിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

പിഎം ശ്രീയില്‍ വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ് സിപിഐ. ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ ഭാഷയിലായിരുന്നു ഇതിനെതിരെ പ്രതികരിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗത്തിലും മുഖപ്രസംഗം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് ധാരണാപത്രത്തില്‍ ഒപ്പുവെക്കുക വഴി ഉണ്ടായിരിക്കുന്നതെന്നും അത് ബന്ധപ്പെട്ട മന്ത്രിയുടെയും വകുപ്പിന്റെയും അറിവോടും അനുമതിയോടും കൂടിയാണെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു.

പിഎം ശ്രീ പദ്ധതിയോടുള്ള വിമര്‍ശനം അതിന്റെ 'പ്രധാനമന്ത്രി' ബ്രാന്‍ഡിങ്ങിനോടുള്ള എതിര്‍പ്പല്ല. മറിച്ച് ഉള്ളടക്കത്തോടും ലക്ഷ്യത്തോടുമുള്ള വിമര്‍ശനമാണ്. വിദ്യാഭ്യാസരംഗത്തിന്റെ സ്വകാര്യവല്‍ക്കണം, ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാര്‍ത്തെടുക്കുകയുമാണ് ആത്യന്തികമായ ലക്ഷ്യം. വിശാല അര്‍ത്ഥത്തിലുള്ള സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സാഹോദര്യവും ദേശീയ ബോധവും തുടങ്ങി സാര്‍വ്വത്രിക മൂല്യങ്ങളെ മുളയിലേ നുള്ളി സ്വേഛ്ഛാധികാരത്തിലും ജാതിവ്യവസ്ഥയിലും മതമേല്‍ക്കോയ്മയിലും അധിഷ്ഠിതമായ സാമൂഹികസൃഷ്ടിക്ക് വിത്തുപാകുന്ന വിദ്യാഭ്യാസ സംവിധാനത്തെയാണ് വിഭാവനം ചെയ്യുന്നത് എന്നും ജനയുഗം എഡിറ്റോറില്‍ ചൂണ്ടിക്കാട്ടി.

Content Highlights: PM Shri Pinarayi government has sold secularism on the back burner says PV Anvar

To advertise here,contact us