തിരുവനന്തപുരം: പിഎം ശ്രീയില് എതിര്പ്പ് ഉന്നയിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ എ കെ ബാലന്. ബിനോയ് വിശ്വം പറഞ്ഞതില് എന്തെങ്കിലും അടിസ്ഥാനം ഉണ്ടെന്ന് തോന്നുന്നില്ലെന്ന് എ കെ ബാലന് മാധ്യമങ്ങളോട് പറഞ്ഞു. ബിനോയ് വിശ്വം പറഞ്ഞത് വികാരപരമായ പ്രതികരണമാണെന്നും എ കെ ബാലന് പറഞ്ഞു.
'വികാരപരമായ പ്രതികരണമായേ കാണുന്നുള്ളൂ. ബിനോയ് വിശ്വം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തലയും ഹൃദയവുമാണ് സിപിഐഎമ്മും സിപിഐയും. ബന്ധം അറ്റുപോകും എന്ന് ആരും കരുതരുത്. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം ആവശ്യമായിരുന്നോ എന്ന് ആലോചിക്കണം. എന്തെങ്കിലും ഘടക കക്ഷിക്ക് ആശങ്ക ഉണ്ടെങ്കില് അത് പരിഹരിച്ചിട്ടേ നടപ്പിലാക്കു എന്ന് എല്ഡിഎഫ് കണ്വീനര് തന്നെ പറഞ്ഞിട്ടുണ്ട്', എ കെ ബാലന് പറഞ്ഞു.
യുഡിഎഫ് കണ്വീന് അടൂര് പ്രകാശ് സിപിഐയെ സ്വാഗതം ചെയ്തതിലും എ കെ ബാലന് പ്രതികരിച്ചു. ക്ഷണിച്ചതിന് അര്ത്ഥം യുഡിഎഫ് ദുര്ബലമാണ് എന്നാണെന്നും അദ്ദേഹം പറഞ്ഞു. ആടിന്റെ ഇളകുന്ന അകിട് കണ്ട് പിന്നാലെ പോയ കുറുക്കന് ഉണ്ടെന്നും അത് വീണിട്ടില്ല ഇളകിയിട്ടേ ഉള്ളുവെന്നും അദ്ദേഹം പരിഹസിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ച എ കെ ബാലന് കരിക്കുലം കാര്യങ്ങളില് മാറ്റം ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
അതേസമയം പിഎം ശ്രീ പദ്ധതിയില് ഉള്പ്പെടുത്തേണ്ട സ്കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നടപടികളിലേക്ക് കടക്കണ്ടെന്നാണ് നിലവിലെ തീരുമാനം. സമഗ്ര ശിക്ഷാ കേരള (എസ്എസ്കെ) ഫണ്ടിനായി മാത്രമേ പ്രൊപ്പോസല് സമര്പ്പിക്കുകയുള്ളു. ആദ്യ ഘട്ട പ്രൊപ്പോസല് ഇന്ന് സമര്പ്പിക്കും. 971 കോടി രൂപയാണ് എസ്എസ്കെയ്ക്ക് വേണ്ടി കേന്ദ്രം നല്കാമെന്ന് ഉറപ്പ് നല്കിയത്. പിഎം ശ്രീ പദ്ധതിയില് ഒപ്പിട്ടാല് തടഞ്ഞ് വച്ച വിഹിതങ്ങള് നല്കാമെന്നായിരുന്നു കേന്ദ്ര നിലപാട്.
പിഎം ശ്രീയെ ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള് തുടരുകയാണ്. ഈ മാസം 16നാണ് പിഎം ശ്രീയില് ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില് ഒപ്പുവെച്ചു. പക്ഷേ, 22ന് ചേര്ന്ന മന്ത്രിസഭാ യോഗത്തില് പിഎം ശ്രീയില് സിപിഐ മന്ത്രി കെ രാജന് എതിര്പ്പ് ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ധാരണാപത്രത്തില് ഒപ്പുവെച്ച വിവരം അറിയിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Content Highlights: PM Shri AK Balan says Binoy Vishwam s responded emotionally