'എൻഇപിയിൽ ഹിഡൻ അജണ്ടയുണ്ട്, എല്ലാ കാര്യങ്ങളും മോശമല്ല'; പിഎം ശ്രീക്കെതിരെ കേരളം പിടിച്ച് നിന്നെന്ന് കെകെ ശൈലജ

എന്‍ഇപിക്കെതിരെ സിപിഐഎം -സിപിഐക്ക് ഒരു നയമുണ്ടെന്നും കെ കെ ശൈലജ

പാലക്കാട്: പിഎം ശ്രീ വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഐഎം നേതാവ് കെ കെ ശൈലജ. എന്‍ഇപിയില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് കെ കെ ശൈലജ പറഞ്ഞു. പിഎം ശ്രീക്കെതിരെ കേരളം പിടിച്ചു നിന്നെന്നും കെ കെ ശൈലജ പ്രതികരിച്ചു. എന്‍ഇപിക്കെതിരെ സിപിഐഎം -സിപിഐക്ക് ഒരു നയമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

'നമുക്ക് ഇവിടെ മതേതരമായ വിദ്യാഭ്യാസ നയമുണ്ട്. ഒപ്പിട്ടാല്‍ എന്‍ഇപിക്ക് കീഴടങ്ങലല്ല. കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ എല്ലാ കാര്യങ്ങളും മോശമാണ് എന്നല്ല. അതില്‍ അടങ്ങിയിരിക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനങ്ങളാണ് പ്രശ്‌നം. സിപിഐഎം -സിപിഐ തര്‍ക്കം എന്ന നിലയിലല്ല കാണേണ്ടത്. സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്ന അങ്ങേ അറ്റത്തെ ജനാധിപത്യ വിരുദ്ധ സമീപനമാണ് കാണേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ നികുതി വിഹിതം നല്‍കേണ്ടത് ഔദാര്യമല്ല', കെ കെ ശൈലജ പറഞ്ഞു.

അതേസമയം പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നടപടികളിലേക്ക് കടക്കണ്ടെന്നാണ് നിലവിലെ തീരുമാനം. സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ഫണ്ടിനായി മാത്രമേ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയുള്ളു. ആദ്യ ഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും. 971 കോടി രൂപയാണ് എസ്എസ്‌കെയ്ക്ക് വേണ്ടി കേന്ദ്രം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടാല്‍ തടഞ്ഞ് വച്ച വിഹിതങ്ങള്‍ നല്‍കാമെന്നായിരുന്നു കേന്ദ്ര നിലപാട്.

പിഎം ശ്രീയെ ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള്‍ തുടരുകയാണ്. ഈ മാസം 16നാണ് പിഎം ശ്രീയില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. പക്ഷേ, 22ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പിഎം ശ്രീയില്‍ സിപിഐ മന്ത്രി കെ രാജന്‍ എതിര്‍പ്പ് ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ധാരണാപത്രത്തില്‍ ഒപ്പുവെച്ച വിവരം അറിയിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

Content Highlights: CPIM leader K K Shaijala about PM Shri project

To advertise here,contact us