ശബരിമലയിലെ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ് കാശാക്കി; വില്‍പന സ്ഥിരീകരിച്ച് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി

ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റതായി പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. 476 ഗ്രാം സ്വര്‍ണം സ്‌പോണ്‍സര്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റി കര്‍ണാടകയിലെ ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന് വിറ്റതായാണ് എസ്‌ഐടി കണ്ടെത്തല്‍. വിൽപ്പന ഗോവര്‍ധന്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെല്ലാരിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

അന്വേഷണസംഘം ഗോവര്‍ധനെ ചോദ്യം ചെയ്തു. ചെന്നെെയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് വേർതിരിച്ചെടുത്ത സ്വർണത്തിന്‍റെ പങ്ക് ഉണ്ണികൃഷ്ണൻ പോറ്റിവിറ്റതായാണ് കണ്ടെത്തൽ. ഗോവര്‍ധന് വിറ്റ സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമം എസ്‌ഐടി സംഘം നടത്തും. ഇയാളുമായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നും എസ്ഐടി കണ്ടെത്തി. ഇക്കാര്യവും ഗോവര്‍ധന്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം ഗോവര്‍ധന്‍ അന്വേഷണസംഘത്തിന് കൈമാറി.

ഗോവര്‍ധനില്‍ നിന്നും പലപ്പോഴായി ഉണ്ണികൃഷ്ണന്‍ സ്വര്‍ണം വാങ്ങിയതായാണ് മൊഴി. കട്ടിളയിലും വാതിലിലും പൂശുന്നതിനായി സ്‌പോണ്‍സര്‍ഷിപ്പിന്റെ പേരിലാണ് സ്വര്‍ണം വാങ്ങിയതെന്ന് ഗോവര്‍ധന്‍ ചോദ്യം ചെയ്യലിനിടെ അന്വേഷണ സംഘത്തോട് പറഞ്ഞു. ബെല്ലാരിയിലെ റോദ്ദം ജ്വല്ലറി ഉടമയാണ് ഗോവര്‍ധന്‍. ശ്രീറാംപുരം അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ വെച്ചാണ് ഗോവര്‍ധന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയപ്പെടുന്നത്. അന്ന് ശബരിമലയിലെ പൂജാരിയെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം പരിചയപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ശ്രീരാംപുരം അയ്യപ്പക്ഷേത്രത്തിലും പ്രദര്‍ശിപ്പിച്ച് പൂജകള്‍ നടത്തിയിരുന്നു.

പണിക്കൂലിയായി സ്മാർട്ട് ക്രിയേഷൻസ് 109 ഗ്രാം സ്വർണം വാങ്ങിയതായും എസ്ഐടി കണ്ടെത്തി.

ഉണ്ണി കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തിച്ച് തെളിവെടുക്കും. ഇന്ന് പുലര്‍ച്ചെയാണ് സംഘം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യമാണെന്ന് കണ്ടെത്തിയിരുന്നു. പാളികള്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് 2019 ജൂലൈ 19 ലെ മഹസറില്‍ രേഖപ്പെടുത്തിയതെങ്കിലും പോറ്റിയുടെ പേരിന് നേരെ ഒപ്പിട്ടിരുന്നത് അനന്തസുബ്രഹ്‌മണ്യന്‍ ആയിരുന്നു. എന്നാല്‍ ഏറ്റുവാങ്ങിയിരുന്നത് കര്‍ണാടക സ്വദേശി രമേശ് റാവു എന്നയാളായിരുന്നു. ഇതിന് പുറമെ ശ്രീകോവിലിന്റെ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ എത്തിയെന്നും കണ്ടെത്തിയിരുന്നു.

ബെംഗളൂരുവിന് പുറമെ ചെന്നൈയിലെ വിവിധയിടങ്ങളിലും തെളിവെടുപ്പ് നടത്തും. പാളികള്‍ അടക്കം സ്വര്‍ണം പൂശാന്‍ എത്തിച്ച സ്മാര്‍ട്ട്ക്രിയേഷന്‍സിലെ തെളിവെടുപ്പ് നിര്‍ണായകമാവും. സ്വര്‍ണപ്പാളികള്‍ പ്രദര്‍ശിപ്പിച്ച നടന്‍ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പിന് സാധ്യതയുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും മറ്റ് അറസ്റ്റുകളിലേക്ക് കടക്കുക.

Content Highlights: Unnikrishnan Potti sold the gold from Sabarimala Gold merchants confirms the sale

To advertise here,contact us