'പിഎം ശ്രീയിൽ ഒപ്പിട്ടതിൽ വലിയ ഗൂഢാലോചന, ഏകപക്ഷീയമായി തീരുമാനമെടുത്തു': ബിനോയ് വിശ്വം രാജയ്ക്ക് അയച്ച കത്ത്

വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തുമെന്നും കത്തിൽ ആരോപണം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് അയച്ച കത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. മുന്നണി മര്യാദകളെല്ലാം ലംഘിക്കുന്നതാണ് വിവാദ പദ്ധതിയിലെ കേന്ദ്രവുമായുള്ള കൈകോര്‍ക്കല്‍ നടപടിയെന്നും ബിനോയ് വിശ്വം കത്തിലൂടെ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെയും കത്തില്‍ പരാമര്‍ശം ഉണ്ട്. വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി തീരുമാനം എടുത്തുമെന്നാണ് ആരോപിക്കുന്നത്. ധാരണാപത്രത്തില്‍ ഒപ്പിട്ടതിലൂടെ കേന്ദ്രസര്‍ക്കാരിനെതിരായ എല്‍ഡിഎഫിന്റെ പോരാട്ടം ദുര്‍ബലപ്പെട്ടുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

'കേരളത്തില്‍ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം മറ്റൊരുദിശയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതായാണ് അറിയാന്‍ സാധിച്ചത്. ഇക്കാര്യം യാഥാര്‍ത്ഥ്യമെങ്കില്‍ സിപിഐയും സിപിഐമ്മും തുല്ല്യമായി ഏര്‍പ്പെട്ടിരിക്കുന്ന മുന്നണി തത്വങ്ങളുടെയും മര്യാദയുടെയും വ്യക്തമായ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. മതതേര വിദ്യാഭ്യാസത്തെയും ഫെഡല്‍ ഘടനയെയും സംബന്ധിച്ച ഗൗരവകരമായ കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പദ്ധതി. ഗൂഢാലോചനയെന്ന നിലയ്ക്കാണ് ഇത് നടന്നിരിക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫിനുള്ളിലും മുന്നണി നയിക്കുന്ന സര്‍ക്കാരിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു', ബിനോയ് വിശ്വം കത്തില്‍ ചൂണ്ടിക്കാട്ടി.

പിഎം ശ്രീ പ്രൊജക്ടില്‍ സിപിഐയും സിപിഐഎമ്മും നിരവധി വിശാല പുരോഗമന മതേതര ശക്തികളും പ്രഖ്യാപിത നിലപാട് എടുത്തിരുന്നു. എന്‍ഇപി 2020ലൂടെ വിദ്യാഭ്യാസ സംവിധാനത്തില്‍ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുകയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാട്. ഇക്കാര്യങ്ങളെല്ലാം പാര്‍ട്ടികള്‍ക്കിടയിലും എല്‍ഡിഎഫ് സര്‍ക്കാരിലും ചര്‍ച്ച ചെയ്‌തെന്നിരിക്കെ ഗൗരവമായ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയെടുത്ത ഏകപക്ഷീയമായ നിലപാട് ന്യായീകരണം ഇല്ലാത്തതാണ്. ഇടതുപക്ഷം ഭരിക്കുന്ന സര്‍ക്കാരില്‍ നിന്നുള്ള നീക്കം അപ്രതീക്ഷമാണ്. മതേതര വിദ്യാഭ്യാസത്തിനും ഫെഡറല്‍ ഘടനയ്ക്കും വേണ്ടിയുള്ള ഇടതുമുന്നണിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് തീരുമാനം',എന്നും കത്തില്‍ പരാമര്‍ശിക്കുന്നു.

സിപിഐഎം ദേശീയ നേതൃത്വമായി വിഷയം ചര്‍ച്ച ചെയ്യണം. രാജ്യത്തെ ഏക ഇടത് സര്‍ക്കാര്‍ എന്ന നിലയില്‍ കേരളത്തിന്റെ നിലപാട് അതീവ ഗൌരവമുള്ളതാണ്. വിഷയത്തിന്റെ ഗൗരവം സിപിഐഎമ്മിന് മനസ്സിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിനോയ് വിശ്വം കത്തില്‍ പറയുന്നു.

Content Highlights: There is a big conspiracy behind the signing of PM Shri Binoy Viswam Letter To B Raja

To advertise here,contact us